ന്യൂഡൽഹി : ഇന്ത്യയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന ലോകാരോഗ്യ സംഘടന. നന്നായി പാചകം ചെയ്ത മുട്ടയും ഇറച്ചിയും ആരോഗ്യത്തിന് ദോഷമുണ്ടാക്കില്ലെന്ന് സംഘടന വ്യക്തമാക്കി.
പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്ന രീതിയിൽ 70 ഡിഗ്രി സെൽഷ്യസ് ചൂടിൽ വേവിച്ചാൽ അതിൽ അടങ്ങിയിരിക്കുന്ന വൈറസുകൾ നശിക്കും. അതിനാൽ നന്നായി വേവിച്ച ഇറച്ചിയും മുട്ടയും കഴിക്കുന്നത് രോഗവ്യാപനം ഉണ്ടാക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാൽ മുൻകരുതലെന്നോണം പൗൾട്രി ഫാമുകളിൽ നിരന്തരം ശുചീകരണം നടത്തണം. കൂടാതെ കോഴിയുടെയും മറ്റ് പക്ഷികളുടെയും മാംസം ഉപയോഗിക്കുന്നതിന് മുൻപ് വൃത്തിയായി കഴുകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
മനുഷ്യരിലേക്ക് പക്ഷിപ്പനി പടരാനുള്ള സാധ്യതകൾ കുറവാണ്. പക്ഷികളെ വീട്ടിൽ കൊല്ലുകയോ അല്ലെങ്കിൽ രോഗ ബാധയുള്ള പക്ഷികളുമായി സമ്പർക്കത്തിലേർപ്പെടുകയോ ചെയ്താൽ മാത്രമേ വൈറസ് മനുഷ്യരിലേക്ക് പടരുകയുള്ളു. അതിനാൽ അവ ഒഴിവാക്കണമെന്നും ലോകാരോഗ്യസംഘടന നിർദ്ദേശിക്കുന്നു.