ഒമിക്രോണ്‍ ബാധിക്കുന്നത് ചെറുപ്പക്കാരെ; വിശദാംശങ്ങള്‍ അറിയിച്ച് ലോകാരോഗ്യ സംഘടന

ജനീവ: ലോകം മുഴുവന്‍ ഇപ്പോള്‍ ഒമിക്രോണ്‍ വൈറസിനെ കുറിച്ചുള്ള ആശങ്കയിലാണ്. രോഗം റിപ്പോര്‍ട്ടു ചെയ്ത രാജ്യങ്ങളിലേക്ക് യാത്രാവിലക്കുവരെ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴുള്ള കൊവിഡ് വേരിയന്റുകളെക്കാള്‍ വ്യാപനശേഷി കൂടുലാണെന്നുള്ളതും വാക്സിനുകള്‍ ഈ വകഭേദത്തിനുമുന്നില്‍ തോറ്റുപോകും എന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഒമിക്രോണ്‍ വൈറസിനെ കുറിച്ച് പുറത്ത് വന്നിരിക്കുന്ന വിവരങ്ങള്‍.

എന്നാല്‍ ഒമിക്രോണ്‍ ഇത്ര കടുത്ത ഭീകരനാണെന്നതിന് വേണ്ടത്ര തെളിവുകള്‍ ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒമിക്രോണ്‍ നിലവിലുള്ള മറ്റുകൊവിഡ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുന്നതിന് നിലവില്‍ വിവരങ്ങളൊന്നും ഇല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചിരിക്കെ പുതിയ വകഭേദം രോഗം എത്രത്തോളം ഗുരുതരമാക്കും, മരണസംഖ്യ ഉയര്‍ത്തും തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ഇനിയും കാത്തിരിക്കണം. വ്യാപന ശേഷി കൂടുതലാണ് എന്നതിനപ്പുറം വൈറസിന്റെ സ്വഭാവം ഇനിയും വ്യക്തമല്ല. കൃത്യമായ ഉത്തരത്തിന് ദിവസങ്ങളോ ആഴ്ചകളോ വേണ്ടി വരും.

ലോകത്ത് ആയിരക്കണക്കിന് പല തരത്തിലുള്ള കോവിഡിന്റെ വകഭേദങ്ങള്‍ ഉണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇതില്‍ തീവ്രത കുറഞ്ഞതും കൂടിയതുമുണ്ട്. ഡെല്‍റ്റയാണ് ഇതുവരെ കണ്ടതില്‍ ഏറ്റവും അപകടകാരി. ഒമിക്രോണ്‍ അതിലും കൂടുതല്‍ അപകടകാരിയാകുന്നത് എങ്ങനെയാണ് എന്നതാണ് ചോദ്യം. അത് യഥാര്‍ഥ കൊറോണ വൈറസില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് എന്നതാണ് ആശങ്കയ്ക്ക് കാരണം. നമ്മള്‍ വാക്‌സീന്‍ വികസിപ്പിച്ച വൈറസില്‍നിന്ന് തീര്‍ത്തും വ്യത്യസ്തം. ആകെ 50 ജനിതമാറ്റങ്ങള്‍ വൈറസിന് സംഭവിച്ചതില്‍ 30ഉം സ്‌പൈക് പ്രോട്ടീനിലാണ് എന്നത് ആശങ്കയുടെ ആഴം കൂട്ടുന്നു.

ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പെട്ടെന്ന് പടരും എന്നല്ലാതെ പുതിയ വകഭേദത്തിന് രോഗം ഗുരുതരമാക്കാനോ മരണസംഖ്യ ഉയര്‍ത്താനോ സാധിക്കും എന്ന് കണ്ടെത്തിയിട്ടില്ല. കൂടുതല്‍ ഗവേണഷങ്ങളിലൂടെ മാത്രമേ വൈറസിന്റെ യഥാര്‍ഥ സ്വഭാവം കൃത്യമായി മനസിലാക്കാനാകുവെന്നാണ് വിലയിരുത്തല്‍.നിലവില്‍ കോവിഡ് വരുന്നവരില്‍ കാണുന്ന ലക്ഷണങ്ങള്‍ തന്നെയാണ് ഒമിക്രോണ്‍ ബാധിച്ചവരിലും. വാക്‌സീനെടുത്തും രോഗം ഭേദമായുമൊക്ക പ്രതിരോധശേഷി കൈവരിച്ചവരില്‍ ഇത് എങ്ങനെ പ്രവര്‍ത്തിക്കുമെന്നാണ് അറിയേണ്ടത്. ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കബിള്‍ ഡിസീസ് നല്‍കുന്ന വിവരമനുസരിച്ച് ഒമിക്രോണ്‍ ബാധിച്ച ചിലര്‍ക്ക് രോഗ ലക്ഷണങ്ങളില്ല.

ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആകെയെടുത്താല്‍ ശരാശരി ഏഴു ശതമാനം മാത്രമാണ് രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചത്. ചിലയിടത്ത് ഇത് മൂന്നു ശതമാനത്തില്‍ താഴെയാണ്. എന്നാല്‍ ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലുമെല്ലാം രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ 40 ശതമാനത്തിന് മുകളിലാണ്. വൈറസിന് ഇത്രയും വലിയ ജനിതക മാറ്റമുണ്ടായത് ആഫ്രിക്കന്‍ രാജ്യങ്ങളിലെ വാക്‌സീനേഷനിലെ മെല്ലപ്പോക്ക് കാരണമാണെന്നും വിലയിരുത്തലുണ്ട്. ഒമിക്രോണ്‍ വാക്‌സീന്‍ പ്രതിരോധത്തെ മറികടക്കുമോ എന്ന ആശങ്കയ്ക്കിടയിലും വാക്‌സീനേഷനില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലെ സ്ഥിതി ആഫ്രിക്കയിലേതിന് സമാനമാകില്ലെന്നാണ് വിലയിരുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News