ന്യൂഡൽഹി:വാക്സിൻ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കോവിഷീൽഡ് വാക്സിനെ ആശ്രയിക്കുന്ന 91 രാജ്യങ്ങളെ കാര്യമായി ബാധിച്ചുവെന്ന് ലോക ആരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). ആഫ്രിക്കൻ രാജ്യങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617.2 വകഭേദമടക്കം ഇവരെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
91 രാജ്യങ്ങളുടെ വിതരണത്തെ ഇത് ബാധിച്ചു. സിറത്തിൽ നിന്ന് ലഭിക്കാത്ത ഡോസുകൾക്ക് പകരമായി മാതൃകമ്പനിയായ അസ്ട്രാസെനക്കയ്ക്ക് കൂടുതൽ വാക്സിനുകൾ വിതരണം ചെയ്യാൻ സാധിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം’ ഡബ്ല്യു.എച്ച്.ഒ മുഖ്യ ശാസ്ത്രജ്ഞ ഡോ.സൗമ്യ സ്വാമിനാഥൻ എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു
കോവിഡിന്റെ ബി.1.617.2 വകഭേദമടക്കം ഈ രാജ്യങ്ങളിൽ വ്യാപിക്കുന്നുവെന്നും അവർ പറഞ്ഞു. തിരിച്ചറിയുന്നതിന്റെ മുമ്പ് തന്നെ കോവിഡിന്റെ വകഭേദങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ കണ്ടെത്തിയ 117 ഓളം വകഭേദങ്ങളിലും സംഭവിച്ചത് അതാണെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം അസ്ട്രാസെനക്കയുമായി ഉണ്ടാക്കിയ കരാർ പ്രകാരം. താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഒരു ബില്യൺ ഡോസ് നൽകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ലോകരോഗ്യ സംഘടന പ്രധാന അംഗമായ അന്താരാഷ്ട്ര വാക്സിൻ സഖ്യമായ ഗവിയിലൂടെയാണ് ഇത് വിതരണം ചെയ്യുകയെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
നിർഭാഗ്യവശാൽ മിക്ക ആഫ്രിക്കൻ രാജ്യങ്ങളും അവരുടെ ജനസംഖ്യയുടെ 0.5 ശതമാനത്തിൽ താഴെ മാത്രമേ വാക്സിനേഷൻ നടത്തിയിട്ടുള്ളൂ. മാത്രമല്ല അവിടങ്ങളിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്ക് പോലും ഇതുവരെ വാക്സിൻ നൽകിയിട്ടില്ല. നമുക്ക് ലഭ്യമായ വാക്സിനുകൾ ഇങ്ങനെ അന്യായമായ രീതിയിൽ വിതരണം ചെയ്യുന്നത് തുടർന്നാൽ ചില രാജ്യങ്ങൾ ഒരു പരിധിവരെ സാധാരണനിലയിലേക്ക് പോകുന്നത് നമുക്ക് കാണാം. എന്നാൽ മറ്റു ചില രാജ്യങ്ങളെ രൂക്ഷമായ ബാധിക്കുകയും തുടർന്ന് വീണ്ടും തരംഗങ്ങൾ രൂപപ്പെടുകയും ചെയ്യും’ അവർ പറഞ്ഞു.