ഒറിഗോണ്‍: ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി മലയാളി താരം എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപ് ഫൈനലില്‍. ലോക അത്ല്റ്റിക് ചാമ്പ്യഷിപ്പിലെ പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് എല്‍ദോസ് പോള്‍ ഇന്ന് സ്വന്തമാക്കിയത്.
യോഗ്യതാ റൗണ്ടില്‍ 16.68 മീറ്റര്‍ ദൂരം താണ്ടിയാണ് എല്‍ദോസ് പോള്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് എയില്‍ മത്സരിച്ച എല്‍ദോസ് ആറാമതയാണ് ഫിനിഷ് ചെയ്തത്. ആകെ മത്സരിച്ച താരങ്ങളില്‍ പന്ത്രണ്ടാമനായാണ് എല്‍ദോസ് ഫൈനലിലേക്ക് യോഗ്യത ഉറപ്പിച്ചത്. ഏപ്രിലില്‍ നടന്ന ഫെഡറേഷന് കപ്പില്‍ താണ്ടിയ 16.99 മീറ്ററാണ് എല്‍ദോസിന്റെ ഏറ്റവും മികച്ച ദൂരം.
വിസ പ്രശ്നങ്ങള്‍ കാരണം ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് എല്‍ദോസിന് യുഎസിലെ യൂജിനിലെത്താനായത്. എന്നിട്ടും മികച്ച പ്രകടനവുമായി എല്‍ദോസ് ഫൈനലിലെലെത്തി. ഞായറാഴ്ച ഇന്ത്യന്‍സമയം രാവിലെ 6.50നാണ് ട്രിപ്പിള്‍ ജംപ് ഫൈനല്‍.
എല്‍ദോസിനൊപ്പം ട്രിപ്പിള്‍ ജംപില്‍ മത്സരിച്ച അബ്ദുള്ള അബൂബക്കറിനും പ്രവീണ്‍ ചിത്രവേലിനും ഫൈനലിന് യോഗ്യത നേടാനായില്ല. യോഗ്യതാ റൗണ്ടില്‍ പ്രവീണ്‍ ചിത്രവേല്‍ 16.49 മീറ്ററും അബ്ദുള്ള അബൂബക്കര്‍ 16.45 മീറ്ററുമാണ് ചാടിയത്. ചിത്രവേല്‍ ഗ്രൂപ്പ് എയില്‍ എട്ടാമതും ആകെ മത്സരിച്ചവരില്‍ പതിനേഴാമതുമായപ്പോള് ഗ്രൂപ്പ് ബിയില്‍ മത്സരിച്ച അബ്ദുള്ള അബൂബക്കര്‍ പത്താമതും ആകെ മത്സരിച്ച താരങ്ങളില്‍ പത്തൊമ്പതാമതും ആയാണ് ഫിനിഷ് ചെയ്തത്. 17.05 മീറ്റര്‍ ദൂരം ചാടുന്നവരോ മികച്ച പന്ത്രണ്ട് സ്ഥാനക്കാരോ ആണ് ഫൈനലിലേക്ക് യോഗ്യത നേടുക.
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രടനമാണ് ഇത്തവണ ഇന്ത്യ നടത്തിയത്. ജാവലിന്‍ ഫൈനലിലെത്തിയ നീരജിനും രോഹിതിനും പുറമെ പുറമെ മലയാളി താരങ്ങളായ എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപിലും, ശ്രീശങ്കര്‍ ലോങ് ജംപിലും ഫൈനലിലത്തി. സ്റ്റീപ്പിള്‍ ചേസില്‍ അവിനാശ് സാബ്ലെയും വനിതാ ജാവലിനില്‍ അന്നു റാണിയും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇതില്‍ നീരജില്‍ നിന്നാണ് രാജ്യം ഉറപ്പായ ഒരു മെഡല്‍ പ്രതീക്ഷിക്കുന്നത്.