കൊച്ചി: കിഴക്കമ്പലത്ത് പോലീസിനെ ആക്രമിച്ച കിറ്റക്സിലെ തൊഴിലാളികള്‍ ഉപയോഗിച്ചത് മദ്യമല്ലെന്ന് കണ്ടെത്തല്‍. ആക്രമണം നടത്തിയ അതിഥി തൊഴിലാളികള്‍ ഉപയോഗിച്ചത് മാരക ലഹരിയായ എംഡിഎംഎ ആണോയെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവിടെയുള്ള അതിഥി തൊഴിലാളികളുടെ ക്യാംപില്‍ നിന്നും നേരത്തെ എല്‍എസ്ഡി സ്റ്റാംപ് പോലീസ് പിടികൂടിയിരുന്നു. ഇക്കാര്യത്തില്‍ വിശദമായ പരിശോധന പോലീസ് നടത്തും.
അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 50 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അക്രമത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്പി കെ. കാര്‍ത്തിക് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് നൂറിലേറെ പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലള്ളത്. അറസ്റ്റ് ചെയ്തവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിഐ ഉള്‍പ്പടെയുള്ളവരെ ആക്രമിച്ചതിന് വധശ്രമ കേസും പൊതുമുതല്‍ നശിപ്പിക്കല്‍ കേസുമാണ് എടുത്തിരിക്കുന്നത്.
ക്രിസ്മസ് കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. തൊഴിലാളികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പോലീസ് സ്ഥലത്തെത്തി. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടതോടെയാണ് ഇവര്‍ പോലീസിന് നേരെ തിരിഞ്ഞത്.
അക്രമസക്തരായ അതിഥിത്തൊഴിലാളികള്‍ രണ്ടു പോലീസ് ജീപ്പുകള്‍ കത്തിച്ചു. കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.