KeralaNewsPolitics

സ്ത്രീകൾക്ക് അർധരാത്രി മെസേജ് അയച്ചിട്ടില്ല; ഞാനാരുടെയും കൊച്ചാപ്പയുമല്ല- ജലീലിനോട് അബ്ദുറബ്ബ്

മലപ്പുറം: കഴിഞ്ഞ രണ്ടു ദിവസമായി മുൻ ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീലും, മുൻവിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബും തമ്മിൽ സോഷ്യൽ മീഡിയയിയിൽ കടുത്ത പോരാട്ടത്തിലാണ്. ഫെയ്സ്ബുക്കിലാണ് ഇരുവരുടേയും വാക്പോര്.

ലോകകേരള സഭയിൽനിന്ന് യു.ഡി.എഫ്. വിട്ടുനിന്നതിന് പിന്നാലെയാണ് വാക്പോര് ആരംഭിച്ചതെങ്കിലും പിന്നീട്, മുസ്ലിം ലീഗ്, കെ.എം. ഷാജിയുടെ എം.എ. യൂസഫലിയ്ക്കെതിരായ പരാമർശം, സാദിഖലി തങ്ങളുടെ പരാമർശം, ഗംഗ എന്ന പേരുള്ള വീടിനെ ചൊല്ലിയുള്ള വിവാദം എല്ലാം വാക്പോരിൽ കടന്നുവന്നു.

ഇപ്പോൾ കെ.ടി. ജലീലിനെതിരെ മറു പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് പി.കെ. അബുറബ്ബ്. ആരോപണ വിധേയരായ സ്ത്രീകൾക്ക് അർധരാത്രി വാട്സാപ്പ് സന്ദേശങ്ങൾ അയച്ചിട്ടില്ലെന്നും തലയിൽ മുണ്ടിട്ട് ഇ.ഡിയെ കാണാൻ പോയിട്ടില്ലെന്നുമാണ് ‘ഫീലിങ് കൂൾ’ എന്ന എന്ന സ്റ്റാറ്റസോടെ പി.കെ അബ്ദുറബ്ബ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഗംഗയെന്നോ, ഗ്രെയ്സെന്നോ, വീട്ടിന്റെ പേരെന്തുമാവട്ടെ, ആ വീട്ടിൽ നിന്നും അർധരാത്രികളിൽ ആരോപണ വിധേയരായ സ്ത്രീകൾക്ക് വാട്സാപ്പ് സന്ദേശങ്ങൾ പോയിട്ടില്ല. മണിക്കൂറുകൾ ഫോണിൽ അവരുമായി സംസാരിച്ചിട്ടുമില്ല. തലയിൽ മുണ്ടിട്ട് ഇ.ഡിയെ കാണാനും പോയിട്ടില്ല.

ലോകായുക്ത കണ്ണുരുട്ടിയപ്പോൾ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിട്ടുമില്ല. യുവത്വകാലത്ത് പാതിരാത്രികളിൽ ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്നു പോസ്റ്ററൊട്ടിക്കാനും പോയിട്ടില്ല. കേരളയാത്രക്കാലത്ത് നടുറോഡിൽ വെച്ച് പിണറായിക്കു വേണ്ടി രണ്ട് റകഅത്ത് സുന്നത്ത് നമസ്കാരവും നടത്തിയിട്ടില്ല. എക്സ്പ്രസ് ഹൈവേ നാട്ടിലെ സമ്പന്നർക്കു വേണ്ടിയാണെന്ന് പറഞ്ഞ് ഖുർആനും, ഹദീസുമോതി അതിനെതിരെ പ്രസംഗിച്ചിട്ടില്ല. ആകാശത്തുകൂടെ വിമാനം പോകാൻ മഹല്ലു കമ്മിറ്റിയുടെ അനുമതി വേണോ എന്ന് പണ്ഡിത ശ്രേഷ്ഠൻമാരോട് തർക്കിച്ചിട്ടില്ല. എകെജിയും, ഇഎംഎസും സ്വർഗ്ഗത്തിലല്ലെങ്കിൽ ആ സ്വർഗ്ഗത്തിലേക്ക് ഞാനില്ലെന്ന വാശിയും എനിക്കില്ല.

അഞ്ചു തവണ നിയമസഭാംഗമായെങ്കിലും നിയമസഭക്കകത്ത് കയറി ഞാൻ ഗുണ്ടായിസം കളിച്ചിട്ടില്ല. ഞാനാരുടെയും കൊച്ചാപ്പയുമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button