കോട്ടയം: ജീവവായുവുമായി പാഞ്ഞ ട്രെയിന്‍ നിയന്ത്രിച്ച വനിതകളെ രാജ്യം പ്രശംസിക്കുമ്പോള്‍ കോട്ടയം വൈക്കം മേവെള്ളൂര്‍ ഗ്രാമത്തിനും അത് അഭിമാനത്തിന്റെ നിമിഷം. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ട്വിറ്ററിലൂടെയാണ് ഈ വാര്‍ത്ത ലോകത്തെ അറിയിച്ചത്.
കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡിലെ ടാറ്റാ നഗറില്‍ നിന്ന് ബംഗളൂരുവിലെത്തിയ ഓക്‌സിജന്‍ എക്‌സ്പ്രസ് നിയന്ത്രിചിരുന്ന വനിതകളില്‍ ഒരാളാണ് കോട്ടയം വൈക്കം സ്വദേശിനിയായ അപര്‍ണ. കഴിഞ്ഞ ഒക്ടോബറിലാണ് അപര്‍ണ അസിസ്റ്റന്റ് ലോക്കോ പൈലറ്റായി ജോലിയില്‍ പ്രവേശിച്ചത്.
ഝാര്‍ഖണ്ഡില്‍ നിന്ന് പുറപ്പെട്ട ഓക്‌സിജന്‍ എക്‌സ്പ്രസില്‍ ചെയിഞ്ചിങ് പോയന്റായ തമിഴ്‌നാട്ടിലെ ജോലാര്‍പേട്ടില്‍ നിന്നാണ് ലോക്കോപൈലറ്റ് വിശാഖപട്ടണം സ്വദേശിയായ സരീഷ ഗജനിക്കൊപ്പം അപര്‍ണ നിയന്ത്രണം എറ്റെടുത്തത്. ഇരുവരും ട്രെയിന്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ കേന്ദ്ര റെയില്‍വേമന്ത്രി പിയൂഷ് ഗോയല്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
”കര്‍ണാടകയിലേക്കുള്ള ഏഴാമത്തെ ഓക്‌സിജന്‍ എക്‌സ്പ്രസ് ടാറ്റാനഗറില്‍ നിന്ന് ബംഗളൂരുവിലെത്തി. വനിതാ സംഘം പൈലറ്റുചെയ്ത ഈ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ സംസ്ഥാനത്തെ കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്നത് ഉറപ്പാക്കും, ‘- റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.
”ഞങ്ങള്‍ ജോലാര്‍പേട്ടില്‍ നിന്ന് യാത്ര ആരംഭിച്ച് ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡ് വരെ എത്തി. ഈ സ്ട്രെച്ചില്‍ വ്യക്തമായ എല്ലാ സിഗ്‌നലുകളും ലഭിച്ചതിനാല്‍ ഞങ്ങള്‍ക്ക് ഇത് വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. മഴ പെയ്യുന്നുണ്ടാരുന്നെന്നും അത് ഒരു നല്ല അനുഭവമാണെന്നും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് അപര്‍ണ പറഞ്ഞു.