വയനാട്: മേപ്പാടി എളമ്പിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ വിനോദസഞ്ചാരിയെ ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താറിനെയാണ് (26) ആന ചവിട്ടിക്കൊന്നത്. യുവതി താമസിച്ച റിസോര്‍ട്ടിന് എതിരെയാണ് അന്വേഷണം.
റിസോര്‍ട്ടിലെ ടെന്റുകളിലൊന്നില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്ന ഷഹാന താമസിച്ചിരുന്നത്. ശുചിമുറിയില്‍ പോയി വരുന്ന വഴിയായിരുന്നു ആനയുടെ ആക്രമണം. ഭയന്നു വീണ ഷഹാനയെ ആന ചവിട്ടുകയായിരുന്നു എന്നാണ് റിസോര്‍ട്ട് ഉടമ പറയുന്നത്. ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടര്‍ന്നു.
റിസോര്‍ട്ടിനു മൂന്നു വശവും കാടാണ്. ഇവിടെ മൊബൈല്‍ റെയ്ഞ്ച് ഇല്ല. കൂടെയുണ്ടായിരുന്ന 2 പേര്‍ ഓടി രക്ഷപ്പെട്ടു. ഷഹാന സംഭവസ്ഥലത്തു തന്നെ മരിച്ചു. അതിനിടെ റിസോര്‍ട്ടിന് ലൈസന്‍സില്ലെന്ന് സംശയിക്കുന്നതായി വനംവകുപ്പ് വ്യക്തമാക്കി. റിസോര്‍ട്ടിന് വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും പാലിച്ചിരുന്നില്ല. വനത്തിന് അതിര്‍ത്തിയില്‍ 10 മീറ്റര്‍ അകലം പോലും ഇല്ലാതെയാണ് ഇത് പ്രവര്‍ത്തിച്ചത്. വിനോദസഞ്ചാരികള്‍ താമസിച്ചിരുന്ന ടെന്റിന് ചുറ്റുമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ റിസോര്‍ട്ടിന് അനുമതിയുണ്ടെന്നാണ് ഉടമ പറയുന്നത്.
കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയാണ്. ചേലേരി കാരയാപ്പില്‍ കല്ലറപുരയില്‍ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ്.