KeralaNews

മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ ആയിരത്തിലേറെ അണക്കെട്ടുകള്‍ ഭീഷണിയെന്ന് ഐക്യരാഷ്ട്രസഭ

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകള്‍ ലോകത്തിന് ഭീഷണിയെന്ന് ഐക്യരാഷ്ട്രസഭ. പഴക്കമേറിയ ഡാമുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകള്‍ ഇടംപിടിച്ചത്. വലിയ കോണ്‍ക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യുഎന്‍ മുന്നറിയിപ്പുനല്‍കുന്നത്.

2025 ആകുമ്പോള്‍ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകള്‍ ഈ കാലപരിധി പിന്നിടും. കേരളത്തിലെ മുല്ലപ്പെരിയാറാകട്ടെ നൂറുകൊല്ലത്തിലേറെ മുമ്പ് പണിതതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ അണക്കെട്ട് തകര്‍ന്നാല്‍ 35 ലക്ഷംപേര്‍ അപകടത്തിലാകും. അണക്കെട്ട് ഭൂകമ്പസാധ്യതാപ്രദേശത്താണെന്നും ഘടനാപരമായ പ്രശ്‌നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കവും പരാമര്‍ശിച്ചിട്ടുണ്ട്.

പഴക്കമേറുന്ന ജലസംഭരണികള്‍: ഉയര്‍ന്നുവരുന്ന ആഗോളഭീഷണി എന്ന പേരില്‍ യുഎന്‍ സര്‍വകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്താ’ണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 2025-ഓടെ 50 വര്‍ഷം പഴക്കമെത്തുന്ന 1115-ലേറെ വലിയ അണക്കെട്ടുകള്‍ ഇന്ത്യയിലുണ്ട്. 2050-ഓടെ ഇത് 4250 എണ്ണമാവും. 64 വലിയ അണക്കെട്ടുകള്‍ക്ക് 2050-ഓടെ 150 വര്‍ഷം പഴക്കമാകും.

20-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ലോകത്തെ പതിനായിരക്കണക്കിന് അണക്കെട്ടുകളുടെ ഒഴുക്കുദിശകളിലായിരിക്കും 2050-ഓടെ ലോകത്തെ ഭൂരിഭാഗമാളുകളും താമസിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ഏറ്റവുംവലിയ 58,700 വലിയ അണക്കെട്ടുകളില്‍ ഭൂരിഭാഗവും 1930-നും 1970-നുമിടയില്‍ നിര്‍മിച്ചവയാണ്. 50മുതല്‍ 100വരെ വര്‍ഷം കാലാവധിയുള്ളവയാണവ. 20-ാം നൂറ്റാണ്ടിലെപ്പോലെ മറ്റൊരു അണക്കെട്ടുനിര്‍മാണവിപ്ലവം ലോകത്തുണ്ടാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker