പോക്‌സോകേസില്‍ പ്രതി, മൂന്നുര്‍ഷമായി ഒളിവില്‍,ഓട്ടോയ്ക്കുള്ളില്‍ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി പോലീസുകാരി

പത്തനംതിട്ട: ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പത്തനംതിട്ട മാർക്കറ്റിൽ ഒരു ബഹളം. ഒരു സ്ത്രീ ഓട്ടോറിക്ഷയ്ക്ക് കൈകാണിക്കുന്നു. നിർത്തിയ ഓട്ടോയിലേക്ക് കയറുന്നു. പിൻസീറ്റിലിരിക്കുന്ന ആളിനെ ഓട്ടോയ്ക്കുള്ളിൽത്തന്നെ ഇവർ കൈകൾകൊണ്ട് കുരുക്കി അനങ്ങാനാകാത്ത നിലയിലാക്കുന്നു. ആളുകളെല്ലാം സ്തബ്ധരായി. ‘ഓട്ടോ പോലീസ് സ്റ്റേഷനിലേക്ക് വിട്ടോളൂ’ എന്ന് ഡ്രൈവറോട് സ്ത്രീ പറയുന്നു. അപ്പോഴേക്കും സിവിൽ പോലീസ് ഓഫീസർമാരായ ആകാശ് ചന്ദ്രൻ, അനുരാജ്, മണികണ്ഠൻ എന്നിവരെത്തി. അനുരാജും മണികണ്ഠനുംകൂടി ഓട്ടോയിൽ കയറി.

അടുത്തുതന്നെയുള്ള പോലീസ് സ്റ്റേഷനിൽ ഓട്ടോ എത്തിയപ്പോഴാണ് സ്ത്രീ, മഫ്തിയിലായിരുന്ന വനിതാ സിവിൽ പോലീസ് ഓഫീസറായിരുന്നെന്ന് പിന്നാലെയെത്തിയവർക്ക് മനസ്സിലായത്. ആർ.കൃഷ്ണകുമാരി എന്ന കൃഷ്ണ കീഴ്‌പ്പെടുത്തിയത് മൂന്നുവർഷമായി മുങ്ങിനടന്ന പോക്‌സോ കേസ് പ്രതിയെയായിരുന്നു. എറണാകുളം തൃപ്പൂണിത്തുറ നടമ വില്ലേജിൽ കോശ്ശേരി വീട്ടിൽ സുജിത്ത്(42) ആയിരുന്നു പ്രതി.

പത്തനംതിട്ടയിൽ വാടകയ്ക്ക് താമസിച്ചിരുന്നപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലായിരുന്നു ഇയാൾ അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങിയശേഷം കേസിന്റെ വിചാരണ ഘട്ടങ്ങളിൽ ഹാജരാകാത്തതിനെത്തുടർന്നാണ് പത്തനംതിട്ട അതിവേഗ പോക്‌സോ കോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചത്. കോടതി നൽകിയിരുന്ന അവസാനദിനമായിരുന്നു ചൊവ്വാഴ്ച. ഇയാൾ പത്തനംതിട്ടയിൽ മാർക്കറ്റിനടുത്തുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് കൃഷ്ണ അവിടെ മഫ്തിയിൽ കാത്തുനിന്നത്.

പോലീസ് സ്റ്റേഷനിൽ എത്തിയശേഷം ഇയാൾ പോലീസുകാരോട് അസഭ്യവർഷം തുടങ്ങി. പിന്നീട് ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. കോടതിയിൽ ഹാജരാക്കിയശേഷം പ്രതിയെ കൊട്ടാരക്കരയിലെ ജയിലിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News