ബെംഗളൂരുവിൽ മാലിന്യലോറിയിൽ യുവതിയുടെ മൃതദേഹം; കൊന്നത് ലിവ് ഇൻ പങ്കാളി, അറസ്റ്റിൽ

ബെംഗളൂരു: നഗരത്തില്‍ നിര്‍ത്തിയിട്ടിരുന്ന മാലിന്യ ലോറിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. യുവതിയെ കൊലപ്പെടുത്തി മൃതദേഹം മാലിന്യ ലോറിയില്‍ ഉപേക്ഷിച്ച അസം സ്വദേശി മുഹമ്മദ് ഷംസുദ്ദീനെ(33)യാണ് പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. പ്രതിയും യുവതിയും ഒരുമിച്ച് താമസിച്ചിരുന്നവരാണെന്നും ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസമാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബെംഗളൂരു കോര്‍പ്പറേഷന്റെ(ബിബിഎംപി) മാലിന്യ ലോറിയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കൈകാലുകള്‍ കെട്ടിയിട്ടനിലയിലായിരുന്നു. ഒരു സ്വകാര്യ കമ്പനിയുടെ യൂണിഫോമായിരുന്നു യുവതിയുടെ വേഷം. വായയുടെ സമീപത്തെ മുറിവില്‍നിന്നും മൂക്കില്‍നിന്നും ചോരയൊലിക്കുന്നനിലയിലായിരുന്നു.

മാലിന്യം നിക്ഷേപിക്കാനെത്തിയ ഒരു ഐടി ജീവനക്കാരന് ചാക്കിന്റെ ആകൃതി കണ്ട് തോന്നിയ സംശയമാണ് മൃതദേഹം കണ്ടെത്തുന്നതിലേക്ക് നയിച്ചത്. ഇയാള്‍ വിവരമറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ചാക്കിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു.

സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട യുവതിയെയും പ്രതിയെയും പോലീസ് തിരിച്ചറിഞ്ഞത്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ഹൗസ്‌കീപ്പിങ് ജീവനക്കാരിയായ ആശ(40)യാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. പിന്നാലെ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ഷംസുദ്ദീനെയും പോലീസ് പിടികൂടുകയായിരുന്നു. പോലീസിന്റെ ചോദ്യംചെയ്യയില്‍ പ്രതി കൊലക്കുറ്റം സമ്മതിക്കുകയുംചെയ്തു.

ആശയും ഷംസുദ്ദീനും കഴിഞ്ഞ ഒന്നരവര്‍ഷമായി ഒരുമിച്ചാണ് താമസമെന്ന് പോലീസ് പറഞ്ഞു. ആശയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഇവര്‍ക്ക് രണ്ടുകുട്ടികളുണ്ട്. ഷംസുദ്ദീന്റെ ഭാര്യയും രണ്ട് കുട്ടികളും അസമിലാണെന്നും പോലീസ് പറഞ്ഞു.ഹൂളിമാവിലെ വാടകവീട്ടിലാണ് ആശയും ലിവ് ഇന്‍ പങ്കാളിയായ ഷംസുദ്ദീനും താമസിച്ചുവന്നിരുന്നത്. ദമ്പതിമാരെന്ന വ്യാജേനയാണ് ഇരുവരും ഇവിടെ വാടകയ്ക്ക് വീടെടുത്തതെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസം ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനെത്തുടര്‍ന്ന് ഷംസുദ്ദീന്‍ ആശയെ മര്‍ദിച്ചു. പിന്നാലെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. യുവതി മരിച്ചെന്ന് ഉറപ്പായതോടെ പ്രതി മൃതദേഹം ചാക്കില്‍ക്കെട്ടി ബൈക്കില്‍ പുറത്തേക്ക് കൊണ്ടുപോയി. തുടര്‍ന്നാണ് നഗരത്തില്‍ നിര്‍ത്തിയിട്ടിരുന്ന മാലിന്യലോറിയില്‍ മൃതദേഹം ഉപേക്ഷിച്ചതെന്നും ഇതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News