പറവൂരില്‍ ഭർതൃപിതാവ് കൊന്ന യുവതിക്ക് വെടിയേറ്റും പരുക്ക്; വീട്ടിൽ നിന്ന് എയർ പിസ്റ്റൾ കണ്ടെത്തി

കൊച്ചി:മരുമകളെ കഴുത്തറുത്തു കൊന്ന ശേഷം ഭര്‍തൃപിതാവ് തൂങ്ങിമരിച്ച വീട്ടില്‍ നിന്നു പൊലീസ് എയര്‍ പിസ്റ്റള്‍ കണ്ടെടുത്തു. വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളില്‍ സെബാസ്റ്റ്യനാണ് (66) മകന്‍ സിനോജിന്റെ ഭാര്യ ഷാനുവിനെ (34) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്നാണു പൊലീസ് നിഗമനം.

സെബാസ്റ്റ്യന്‍ എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചു ഷാനുവിനെ വെടിവച്ചിട്ടുണ്ടെന്നും നെറ്റിയില്‍ വെടി കൊണ്ടു മുറിവുണ്ടെന്നും പൊലീസ് പറഞ്ഞു. ഈ പെല്ലറ്റുകള്‍ ഷാനുവിന്റെ മൃതദേഹത്തില്‍ നിന്നു കണ്ടെടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.കഴുത്തറുക്കുന്നതിനു മുന്‍പ് വെടിവച്ചതാകാം. അല്ലെങ്കില്‍ വെടിവച്ചിട്ടും മരിക്കാതിരുന്നതിനാല്‍ കഴുത്തു മുറിച്ചതുമാകാം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുണ്ട്. വീട്ടിലെ അടുക്കളയില്‍ നിന്നാണ് എയര്‍ പിസ്റ്റള്‍ കണ്ടെടുത്തത്.

ആര്‍ക്കും വാങ്ങാന്‍ കഴിയുന്ന ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റള്‍ എറണാകുളത്തെ കടയില്‍ നിന്നാണു സെബാസ്റ്റ്യന്‍ വാങ്ങിയതെന്നു വ്യക്തമായി. എയര്‍ പിസ്റ്റളിലെ 2 പെല്ലറ്റ് ഉപയോഗിച്ചിട്ടുണ്ട്. അനുവദനീയമായതിലും കൂടുതല്‍ ശേഷി വര്‍ധിപ്പിച്ച എയര്‍ പിസ്റ്റളാണോ ഇതെന്നു കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന കോടതിയുടെ അനുവാദത്തോടെ നടത്തുമെന്നു പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News