ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ കാറിടിച്ച് വീണതിനു പിന്നാലെ കിലോമീറ്ററുകളോളം വലിച്ചിഴയ്ക്കപ്പെട്ട യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ 11 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡല്‍ഹി പോലീസിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. യുവതി കൊല്ലപ്പെടുമ്പോള്‍ ജോലിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
രണ്ട് എസ്.ഐമാര്‍, നാല് എ.എസ്.ഐമാര്‍, നാല് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവം നടക്കുമ്പോള്‍ പട്രോള്‍ വാഹനങ്ങളിലും പോലീസ് പിക്കറ്റിലും ചുമതലയിലുണ്ടായിരുന്നവരാണ് ഇവര്‍.
കേസ് അന്വേഷണത്തിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും ആഭ്യന്തരമന്ത്രാലയം ഡല്‍ഹി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികള്‍ക്കെതിരായ കുറ്റപത്രം എത്രയും പെട്ടന്ന് കോടതിയില്‍ സമര്‍പ്പിക്കണം. കുറ്റക്കാര്‍ക്ക് ഉചിതമായ ശിക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആഭ്യന്തരമന്ത്രാലയം ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു.
പുതുവത്സരദിനത്തിലായിരുന്നു ഡല്‍ഹിയെ ഞെട്ടിച്ച സംഭവമുണ്ടായത്. സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ജലിയെ കാറിടിച്ച ശേഷം 13 കിലോമീറ്ററോളം വലിച്ചിഴക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ജലിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെതിരെ ഗൂഡാലോചന ആരോപണം കുടുംബം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.