25.5 C
Kottayam
Saturday, May 18, 2024

യുവതിയെ മയക്കുമരുന്നുകേസില്‍ കുടുക്കിയ സംഭവം: ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി,കർശന നടപടിയുണ്ടാകും: മന്ത്രി

Must read

തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ എല്‍.എസ്.ഡി. സ്റ്റാമ്പ് കേസില്‍ കുടുക്കി 72 ദിവസം ജയിലിലിട്ട സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി എംബി.രാജേഷ്. സംഭവത്തില്‍ എക്‌സൈസ് വിജിലന്‍സ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

‘സംഭവത്തെ സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നത്. എക്‌സൈസ് വിജിലന്‍സ് ഇത് സംബന്ധിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലം മാറ്റിയത്. ഇപ്പോള്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. കുറ്റക്കാര്‍ക്കെതിരെ നപടിയുണ്ടാകും. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അക്കാര്യത്തില്‍ ഉണ്ടാകില്ല’ മന്ത്രി പറഞ്ഞു.

എക്‌സൈസിന് ഒരു വിവരം കിട്ടിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തേണ്ടി വരും. മയക്കുമരുന്നിനെതിരായി എക്‌സൈസിന്റെ നേതൃത്വത്തില്‍ ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അതിനെ സ്വാര്‍ത്ഥതാത്പര്യത്തിന്റെ പേരില്‍ ആരെങ്കിലും ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരായ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

ഫെബ്രുവരി 27 -നാണ് ചാലക്കുടി ഷീ സ്റ്റൈല്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീലയെ ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും കടയിലെത്തി അറസ്റ്റുചെയ്തത്. ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് അറസ്റ്റെന്നായിരുന്നു വിശദീകരണം. എന്താണ് സംഭവിക്കുന്നതെന്നുപോലും മനസ്സിലാകാതെ പകച്ചുനിന്ന ഷീലയുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വാര്‍ത്ത എക്സൈസ് സംഘം മാധ്യമങ്ങള്‍ക്കുനല്‍കി.

ഷീലയുടെ വാക്കുകള്‍ കേള്‍ക്കാന്‍പോലും തയ്യാറാവാതിരുന്ന ഉദ്യോഗസ്ഥര്‍ അന്നുതന്നെ കോടതിയില്‍ ഹാജരാക്കി. ആ രാത്രി റിമാന്‍ഡിലായ ഷീലയ്ക്ക് മേയ് 10-നാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. പിടികൂടിയത് വെറും കടലാസുകഷണങ്ങളാണെന്ന് തെളിഞ്ഞിരുന്നു. 51കാരിയായ ഷീല വിയ്യൂര്‍ ജയിലില്‍ 72 ദിവസം കിടന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week