മുംബൈ: ഭർത്താവും മക്കളും നിസ്സഹായരായി നോക്കിനിൽക്കെ ഒരു യുവതിയെ തിരമാലയിൽ അകപ്പെട്ട് കാണാതാകുന്നതിന്റെ വീഡിയോ കണ്ട് നടുങ്ങി രാജ്യം. മുംബൈ ബാന്ദ്രയിലെ ബാൻഡ്‌സ്റ്റാൻഡിലാണ് സംഭവം. കുടുംബത്തിനൊപ്പം പിക്നിക്കിനെത്തിയ 32 കാരിയായ ജ്യോതി സോനാർ എന്ന യുവതിയാണ് അപകടത്തിൽപ്പെട്ടത്. ഭർത്താവിനൊപ്പം കടൽത്തീരത്തെ പാറയിൽ ഇരിക്കുന്ന ജ്യോതിയുടെ വീഡിയോ മക്കളാണ് വീഡിയോയിൽ പകർത്തിയത്.
ഇതിനിടെ ശക്തമായ തിരമാല ആഞ്ഞടിച്ചപ്പോൾ ആ സന്തോഷകരമായ നിമിഷം ദുരന്തമായി മാറി. സംഭവ ദിവസം, കുടുംബം ആദ്യം ജുഹു ചൗപ്പട്ടി സന്ദർശിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, വേലിയേറ്റം കാരണം ബീച്ചിൽ പ്രവേശിക്കുന്നതിൽ നിയന്ത്രണം വന്നതോടെ പ്ലാൻ മാറ്റി അവർ ബാന്ദ്രയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. ബാന്ദ്ര ഫോർട്ടിൽ എത്തിയ കുടുംബം കടലിന് സമീപത്ത് നിന്ന് ചിത്രങ്ങൾ പകർത്തുമ്പോഴാണ് അപകടം സംഭവിച്ചത്.
ദമ്പതികൾ ഒരു പാറയിൽ ഇരിക്കുകയും കുട്ടികൾ അൽപ്പം ദൂരെ നിന്ന് അവരുടെ ചിത്രങ്ങൾ പകർത്തുകയുമായിരുന്നു. ഇതിനിടെ ആഞ്ഞടിച്ച ഒരു വലിയ തിരമാലയിൽ ജ്യോതി അകപ്പെടുകയായിരുന്നു. വീഡിയോയിൽ കുട്ടികൾ അമ്മേ എന്ന് വിളിച്ച് നിലവിളിക്കുന്നുണ്ട്. മുംബൈയിലെ റബാലെ നിവാസിയായ മുകേഷ് ജ്യോതിയെ രക്ഷിക്കാനുള്ള ശ്രമിച്ച് കൊണ്ട് സാരിയിൽ മുറുകെ പിടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
This is so horrible How can a person risk their life for some videos..
— Pramod Jain (@log_kyasochenge) July 15, 2023
The lady has swept away and lost her life in front of his kid.#bandstand #Mumbai pic.twitter.com/xMat7BGo34
സമീപത്ത് നിന്നിരുന്ന ചിലർ മുകേഷിന്റെ കാലിൽ പിടിച്ച് സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചിഴച്ച് മാറ്റുകയായിരുന്നു. സംഭവം അറിയിച്ചത് അനുസരിച്ച് പൊലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി.
ഞായറാഴ്ച ഉച്ചയോടെ ജ്യോതിയെ കാണാതായത്. കോസ്റ്റ്ഗാർഡ് തിങ്കളാഴ്ച ജ്യോതിയുടെ മൃതദേഹം കണ്ടെത്തി. ജ്യോതി സോനാറിന്റെ മൃതദേഹം പൊലീസിന് കൈമാറിയിട്ടുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.