തൃശൂര്‍: അടയ്ക്ക ആണെന്ന് കരുതി കൈയിലെടുത്ത് പൊളിച്ച വസ്തു പൊട്ടിത്തെറിച്ച് യുവതിയുടെ വിരലുകള്‍ അറ്റു. വടക്കാഞ്ചേരി പിലക്കാട് മാളിയേക്കല്‍ ആറ്റബീവി എന്ന യുവതിക്കാണ് വിരലുകള്‍ നഷ്ടമായത്. സ്‌ഫോടനത്തില്‍ കൈയുടെ നടുവിരലും പെരുവിരലും ഭാഗികമായി നഷ്ടപ്പെട്ടു. കൂടാതെ കണ്ണിന് പരിക്കേല്‍ക്കുകയും ചെയ്തു.
അയല്‍വാസികള്‍ക്ക് ഒപ്പമിരുന്ന അടയ്ക്ക പൊളിക്കുന്നതിനിടയില്‍ ആയിരുന്ന സ്‌ഫോടനം ഉണ്ടായത്. അടയ്ക്കയാണെന്ന് കരുതി പൊളിക്കാനായി കൈയിലെടുത്ത സ്‌ഫോടക വസ്തു വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ മുറിവുകള്‍ പറ്റിയ യുവതിയെ വടക്കാഞ്ചേരി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജില്ല ആശുപത്രിയില്‍ നിന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയതിനു ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇവിടെ വച്ച് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി വിരലുകള്‍ ഭാഗികമായി മുറിച്ചു നീക്കി. രണ്ടു വിരലുകളില്‍ സ്റ്റീല്‍ കമ്പിയിട്ടു.
അതേസമയം, സ്‌ഫോടനമുണ്ടായ സ്ഥലത്ത് പോലീസിന്റെ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. തളി, പിലക്കാട് ഭാഗങ്ങളിലെ അടയ്ക്ക കച്ചവടക്കാര്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് അടയ്ക്ക ശേഖരിച്ച് വില്‍പന നടത്തുന്നവരാണ്. സ്ത്രീകളാണ് അടയ്ക്കയുടെ തൊലി ഇവിടെ കളയുന്നത്. ഇതിനിടയില്‍ അടയ്ക്കാ രൂപത്തിലുള്ള സ്‌ഫോടകവസ്തു ആറ്റബീവിയുടെ കൈയില്‍പ്പെടുകയായിരുന്നു. എന്നാല്‍, അടയ്ക്കയാണെന്ന് കരുതി കൈയിലെടുത്ത വസ്തു സ്‌ഫോടക വസ്തു ആണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് യുവതി വ്യക്തമാക്കി.
മലയോര മേഖലകളില്‍ വന്യജീവികളെ തുരത്താന്‍ പറമ്പുകളില്‍ സ്‌ഫോടക വസ്തുക്കള്‍ വെയ്ക്കുന്നുവെന്ന ആക്ഷേപമുണ്ട്. അത്തരത്തില്‍ അടയ്ക്കയോടൊപ്പം ചാക്കില്‍ പെറുക്കിയെടുത്തതാവാം ഇതെന്നും സംശയിക്കുന്നു. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേണണം നടത്തി.