വളര്‍ത്തുനായയെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി; ദുര്‍മന്ത്രവാദമെന്ന് സംശയം

ബെംഗളൂരു: വളര്‍ത്തുനായയെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി. ബെംഗളൂരുവിലാണ് സംഭവം. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായാണ് യുവതി ഇത്തരമൊരു ക്രൂരകൃത്യം ചെയ്തതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ത്രിപര്‍ണ പായിക് എന്ന യുവതിയുടെ വീടിനുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പരാതിപ്പെടുകയും പിന്നീട് ബിബിഎംസി (ബൃഹത് ബെംഗളൂരു മഹാനഗര പാലികെ) അധികൃതര്‍ നടത്തിയ പരിശോധനയില്‍ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

മൂന്ന് നായ്ക്കളാണ് ത്രിപര്‍ണയ്ക്കുണ്ടായിരുന്നത്. ഇതിലൊന്നിനെയാണ് കൊലപ്പെടുത്തിയത്. നായയെ ശ്വാസംമുട്ടിക്കുകയും പിന്നീട് കഴുത്തുമുറിക്കുകയും ചെയ്യുകയായിരുന്നെന്ന് ബിബിഎംസി അധികൃതര്‍ പറഞ്ഞെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപ്പെടുത്തിയ ശേഷം നായയുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞുവെച്ചു. തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റിന്റെ ജനലുകളും വാതിലുകളും പൂട്ടിയശേഷം ത്രിപര്‍ണ കടന്നുകളയുകായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞതോടെ ദുര്‍ഗന്ധം വ്യാപിക്കാന്‍ തുടങ്ങിയതോടെയാണ് അയല്‍വാസികള്‍ ഇടപെട്ടത്. ത്രിപര്‍ണ, പശ്ചിമബംഗാള്‍ സ്വദേശിയാണെന്നാണ് വിവരം.

ഏതോ പൂജ നടന്നെന്ന് തോന്നിപ്പിക്കുംവിധത്തില്‍ മതപരമായ നിരവധി ചിത്രങ്ങള്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഇതാണ് ക്രൂരതയ്ക്ക് പിന്നില്‍ ദുര്‍മന്ത്രവാദമാണോ എന്ന് സംശയമുയരാന്‍ കാരണം. യുവതി വളര്‍ത്തിയിരുന്ന മറ്റ് രണ്ട് നായ്ക്കളെ ഭിത്തിയില്‍ കെട്ടിയിട്ട നിലയിലായിരുന്നു. ഈ നായ്ക്കളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ഇവ ബിഎംപി ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ട നായയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കി. നാലുദിവസം മുന്‍പ് കൊല്ലപ്പെട്ടുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുള്ളത്. മൃഗങ്ങൾക്കെതിരായ ക്രൂരത ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News