‘തര്‍ക്കത്തിനിടെ പിടിച്ചുതള്ളി, ചുമരില്‍ തലയിടിച്ച് വീണ ഉടനെ മരിച്ചു’; നവവധുവിന്റെ മര്‍ദ്ദനത്തില്‍ മലയാളിയായ ഭര്‍തൃമാതാവ് മരിച്ചു

അബുദാബി: നവവധുവുമായുണ്ടായ തര്‍ക്കത്തിനിടെ ഭര്‍തൃമാതാവിന് ദാരുണ മരണം. യുവതി പിടിച്ചു തള്ളിയതോടെ ചുമരില്‍ തലയിടിച്ച് വീണ് വയോധിക തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. എറണാകുളം ഏലൂര്‍ പടിയത്ത് വീട്ടില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബിയാണ് (63) മരിച്ചത്. അബുദാബിയിലെ ഗയാത്തിയില്‍ ഇവരുടെ മകന്‍ സഞ്ജു മുഹമ്മദിന്റെ താമസസ്ഥലത്ത് തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്.

മാതാവ് റൂബിയും ഭാര്യ ഷജനയും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ ഇവരെ പിടിച്ചുതള്ളുകയും ഭിത്തിയില്‍ തലയിടിച്ചു വീണ് ഉടന്‍ മരിക്കുകയുമായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. ഗയാത്തി അല്‍ അന്‍സാരി എക്സ്ചേഞ്ച് ജീവനക്കാരനാണ് സഞ്ജു.

ജനുവരിയിലായിരുന്നു സഞ്ജുവിന്റെ വിവാഹം. ഓണ്‍ലൈനിലൂടെയാണ് കോട്ടയം പൊന്‍കുന്നം സ്വദേശിനി ഷജനയുമായുള്ള വിവാഹം നടന്നത്. ഫെബ്രുവരി 15ന് മാതാവിനെയും ഭാര്യയെയും സന്ദര്‍ശക വിസയില്‍ അബുദാബിയിലേക്ക് കൊണ്ടുവന്നു.

കഴിഞ്ഞ രണ്ടു ദിവസമായി ഉമ്മയുമായി അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും തിങ്കളാഴ്ച രാത്രി പ്രശ്നം രൂക്ഷമാവുകയും ആക്രമിക്കുകയുമായിരുന്നുവെന്നും സഞ്ജു പറഞ്ഞു. ഷജനയെ തിങ്കളാഴ്ച രാത്രി തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മരണം സംബന്ധിച്ച് അബുദാബി പോലീസിന്റെ അന്വേഷണം തുടരുകയാണ്. റൂബിയുടെ മൃതദേഹം ബദാസായിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News