CrimeNationalNews

മൂന്ന് ഭാര്യമാരേക്കൂടാതെ കാമുകിയും; വിവാഹത്തിന് നിർബന്ധിച്ചതോടെ കൊന്ന് പുഴയിൽത്തള്ളി

മുംബൈ: യുവതിയെ കൊലപ്പെടുത്തി മൃതദേഹം നദിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയും നവിമുംബൈ കോപര്‍ഖൈരാനെയില്‍ താമസക്കാരിയുമായ ഉര്‍വശി വൈഷ്ണവി(27)നെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനും ജിംനേഷ്യം പരിശീലകനുമായ റിയാസ് ഖാന്‍(36) ഇയാളുടെ സുഹൃത്ത് ഇമ്രാന്‍ ഷെയ്ഖ്(26) എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 17-ാം തീയതിയാണ് ധമനി ഗ്രാമത്തിന് സമീപം നദിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ആറുവര്‍ഷമായി മുംബൈയിലെ ഹോട്ടലില്‍ ജോലിചെയ്യുന്ന ഉര്‍വശിയെ ഡിസംബര്‍ 13-ാം തീയതി മുതലാണ് കാണാതായത്. കോപര്‍ഖൈരാനയില്‍ രണ്ട് സഹോദരങ്ങള്‍ക്കൊപ്പമായിരുന്നു യുവതിയുടെ താമസം. എല്ലാദിവസവും വൈകിട്ട് സഹോദരനെ ഫോണില്‍ വിളിക്കുന്ന ഉര്‍വശി, ഡിസംബര്‍ 13-ന് സഹോദരനെ വിളിച്ചിരുന്നില്ല. വീട്ടിലേക്ക് വന്നതുമില്ല. ഇതോടെ സംശയം തോന്നിയ സഹോദരങ്ങള്‍ നെരൂള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് നാലുദിവസങ്ങള്‍ക്ക് ശേഷം നദിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവം കൊലപാതകമാണെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ് കേസില്‍ അന്വേഷണം ആരംഭിച്ചത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം സിസിടിവി ക്യാമറകളോ മറ്റുതെളിവുകളോ ഇല്ലാതിരുന്നത് അന്വേഷണത്തില്‍ വെല്ലുവിളിയായി. തുടര്‍ന്നാണ് യുവതിയുടെ മൃതദേഹത്തില്‍നിന്ന് ലഭിച്ച പുതിയ ബ്രാന്‍ഡഡ് ചെരുപ്പ് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി നവിമുംബൈയിലെ വിവിധ ചെരിപ്പുകടകളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. കാണാതാവുന്നതിന് എട്ടുദിവസം മുമ്പ് ഉര്‍വശി വാസിയിലെ ഒരു ചെരിപ്പുകടയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഈ അന്വേഷണത്തില്‍ കണ്ടെത്തി. യുവതിക്കൊപ്പം ബോഡി ബില്‍ഡറെന്ന് തോന്നുന്ന ഒരു യുവാവുമുണ്ടായിരുന്നു. ഇതോടെ വാസിയിലെയും പരിസരപ്രദേശങ്ങളിലെയും ജിംനേഷ്യങ്ങള്‍ കേന്ദ്രീകരിച്ചായി അന്വേഷണം. തുടര്‍ന്നാണ് കോപര്‍ഖൈരാനയിലെ ജിംനേഷ്യത്തില്‍ പരിശീലകനായ റിയാസ് ഖാനാണ് ഉര്‍വശിക്കൊപ്പം ഉണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ റിയാസിനെയും പിന്നാലെ കൂട്ടുപ്രതിയായ ഇമ്രാന്‍ ഖാനെയും ക്രൈംബ്രാഞ്ച് സംഘം പിടികൂടുകയായിരുന്നു.

മൂന്നുഭാര്യമാരുള്ള റിയാസും ഉര്‍വശിയും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അടുത്തിടെയായി തന്നെ വിവാഹം കഴിക്കണമെന്ന് ഉര്‍വശി കാമുകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ മൂന്നുഭാര്യമാരുള്ള റിയാസ് ഇതിന് തയ്യാറായില്ല. വിവാഹത്തിനായി ഉര്‍വശി വീണ്ടും നിര്‍ബന്ധിച്ചതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

തുടര്‍ന്ന് ഡിസംബര്‍ 13-ാം തീയതി കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം സുഹൃത്തായ ഇമ്രാന്‍ ഖാന്റെ സഹായത്തോടെ മൃതദേഹം നദിയില്‍ ഉപേക്ഷിച്ചതാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. അറസ്റ്റിലായ രണ്ടുപ്രതികളെയും പനവേല്‍ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button