ആശുപത്രി രംഗത്തിലും മേക്കപ്പ്; മാളവിക മോഹനന്റെ വിമർശനത്തിന് നയൻതാരയുടെ മറുപടി
ചെന്നൈ:തന്നെ പരോക്ഷമായി വിമര്‍ശിച്ച മാളവിക മോഹന് മറുപടിയുമായി നയന്‍താര. രാജാ റാണി എന്ന ചിത്രത്തില്‍ നയന്‍താരയുടെ കഥാപാത്രം മരിക്കാന്‍ കിടക്കുമ്പോഴും ഫുള്‍ മേക്കപ്പില്‍ എങ്ങിനെയാണ് അഭിനയിക്കുന്നതെന്ന് മാളവിക ഒരു അഭിമുഖത്തില്‍ ചോദിച്ചിരുന്നു.
കണക്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് നയന്‍താര ഈ വിമര്‍ശനത്തിന് മറുപടി പറഞ്ഞത്. മാളവിക തന്റെ പേര് പറഞ്ഞില്ലെങ്കിലും അത് തന്നെ ഉദ്ദേശിച്ചാണെന്ന് മനസ്സിലായെന്നും സംവിധായകന്‍ പറയുന്നതാണ് താന്‍ ചെയ്യുന്നതെന്നും നയന്‍താര പറഞ്ഞു.
” ഞാനൊരു സിനിമയില്‍ ഫുള്‍ മേക്കപ്പില്‍ ഇരുന്നതിനെ ഒരു നടി വിമര്‍ശിച്ചു കണ്ടു. അവര്‍ എന്റെ പേര് പരാമര്‍ശിക്കുന്നില്ല. എങ്കിലും അത് എന്നെപ്പറ്റിയാണെന്നു മനസ്സിലായി. ഒരു ആശുപത്രി രംഗത്തില്‍ ഞാന്‍ ഫുള്‍ മേക്കപ്പില്‍ അഭിനയിച്ചെന്നും എന്റെ മുടിയും മുഖവും ഒട്ടും ഉലയാതെ പെര്‍ഫെക്റ്റ് ആയിരുന്നുവെന്നും അവര്‍ പറയുന്നു.
ആശുപത്രിയില്‍ ആണെന്നു കരുതി ഒരാള്‍ മുടിയൊക്കെ അലങ്കോലമായി ഇരിക്കണമെന്നുണ്ടോ? ആശുപത്രിയിലും രോഗിയുടെ മുടി വൃത്തിയാക്കി കൊടുക്കാനും നോക്കാനും പരിചരിക്കാനും ആളുണ്ടാകില്ലേ? റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരു റിയലിസ്റ്റിക് സിനിമ ചെയ്യുമ്പോള്‍ യഥാര്‍ഥ ജീവിതത്തില്‍ കാണുന്നതുപോലെ ഒട്ടും മേക്കപ്പില്ലാതെ മുഅഭിനയിക്കേണ്ടി വരും.
പക്ഷേ ഒരു വാണിജ്യ സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നുന്ന രീതിയിലാണ് മേക്കപ്പ് ചെയ്യുക. ഈ പറഞ്ഞ രംഗം ഒരു വാണിജ്യ സിനിമയിലേതായിരുന്നു. ആ സിനിമയില്‍ സംവിധായകന്‍ പറഞ്ഞ രീതിയിലാണ് ഞാന്‍ അഭിനയിച്ചത്. ഞാന്‍ എപ്പോഴും സംവിധായകനെ അനുസരിക്കുന്ന ആര്‍ട്ടിസ്റ്റാണ്.
മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂവിലാണ് മാളവിക വിവാദത്തിനിടയായ അഭിപ്രായപ്രകടനം നടത്തിയത്.
‘അടുത്തിടെ ഒരു സൂപ്പര്‍സ്റ്റാര്‍ നടിയുടെ ഒരു സിനിമ ഞാന്‍ കണ്ടു. അവര്‍ ഒരു ആശുപത്രി സീനില്‍ ആയിരുന്നു അഭിനയിക്കുന്നത്. അവിടെ അവര്‍ മരിക്കാന്‍ കിടക്കുകയാണ് പക്ഷെ ആ രംഗത്തില്‍ പോലും അവര്‍ ഫുള്‍ മേക്കപ്പിലായിരുന്നു. ഒരു മുടി പോലും മാറിയിരുന്നില്ല. ഒരു കച്ചവട സിനിമയാണെങ്കില്‍പ്പോലും അഭിനയിക്കുമ്പോള്‍ കുറച്ച് യാഥാര്‍ഥ്യം വേണ്ടേ? മരിക്കാന്‍ കിടക്കുമ്പോള്‍ പോലും ഫുള്‍ മേക്കപ്പില്‍ ഒട്ടും കോട്ടം തട്ടാതെ എങ്ങനെയാണ് അഭിനയിക്കുന്നത്- മാളവിക ചോദിച്ചു.