ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഡല്‍ഹി സ്വദേശിയായ 40 വയസ്സുകാരിയാണ് ക്രൂരതയ്ക്കിരയായത്. ഗാസിയബാദില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിയെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയതെന്നും രണ്ടു ദിവസം കൂട്ടബലാത്സംഗത്തിനിരയാക്കി ഉപദ്രവിച്ചെന്നാണ് യുവതിയുടെ മൊഴിയെന്നും പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
ചൊവ്വാഴ്ചയാണ് ഗാസിയാബാദിലെ ആശ്രാംറോഡില്‍ ചോരയൊലിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ഉടന്‍തന്നെ ഇവരെ ജി.ടി.ബി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയും ചെയ്തു.
ഗാസിയാബാദില്‍ ജന്മദിനാഘോഷം കഴിഞ്ഞ് ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു യുവതി. സഹോദരനാണ് യുവതിയെ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടത്. ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് കാറിലെത്തിയ അഞ്ചംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയതെന്നും ഇവര്‍ അജ്ഞാതകേന്ദ്രത്തില്‍ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതിയെന്നും പോലീസ് പറഞ്ഞു.
കേസിലെ പ്രതികളെല്ലാം യുവതിയെ നേരത്തെ അറിയാവുന്നവരാണെന്ന് പോലീസ് പ്രതികരിച്ചു. ഇവര്‍ തമ്മില്‍ വസ്തുതര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യവും അന്വേഷിക്കുന്നുണ്ടെന്നും സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗാസിയാബാദ് പോലീസ് സൂപ്രണ്ട് നിപുന്‍ അഗര്‍വാള്‍ പറഞ്ഞു.
അതേസമയം, യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഗാസിയാബാദ് പോലീസിന് നോട്ടീസ് അയച്ചു. യുവതിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നും സ്വകാര്യഭാഗങ്ങളിലടക്കം ഇരുമ്പ് ദണ്ഡ് കയറ്റിയതായും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.