CrimeNationalNews

ഒളിഞ്ഞുനോട്ടം, മെസേജ് ,അശ്ലീല കമൻ്റ്, അഭിഭാഷകൻ്റെ ശല്യം സഹിയ്ക്കാനാവുന്നില്ല, പരാതിയുമായി വനിതാ ജഡ്ജി

ലഖ്‌നൗ: അഭിഭാഷകന്‍റെ ശല്യം സഹിക്കാനാവാതെ പൊലീസില്‍ പരാതിയുമായി വനിതാ ജഡ്ജി. ഉത്തര്‍പ്രദേശിലാണ് സംഭവം.  അഭിഭാഷകന്‍ തന്നെ പിറകെനടന്ന് ശല്യപ്പെടുത്തുന്നതായും അശ്ലീല കമന്റടിക്കുന്നുവെന്നുമാണ് വനിതാ ജഡ്ജിയുടെ പരാതി. ഹാമിര്‍പുരിലെ വനിതാ  ജഡ്ജിയാണ് മുഹമ്മദ് ഹാറൂണ്‍ എന്ന അഭിഭാഷകനെതിരേ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വനിതാ ജഡ്ജിയുടെ പരാതി പുറത്ത് വന്നത്. മുഹമ്മദ് ഹാറൂണ്‍ എന്ന അഭിഭാഷകന്‍ തന്നെ നിരന്തരം പിന്തുടരുന്ന്  അശ്ലീല കമന്റടിക്കുന്നുവെന്നും അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ വാട്ട്സാപ്പില്‍ അയക്കുന്നുണ്ടെന്നുമാണ് പരാതി.

അഭിഭാഷകന്‍റെ ശല്യം പതിവായതോടെയാണ് അവിവാഹിതയായ  ജഡ്ജി പരാതിയുമായി പൊലീസിനെ സമീപിച്ചത്. കോടതി പിരിഞ്ഞ് വീട്ടിലെത്തിയാലും അഭിഭാഷകന്‍റെ ശല്യം അവസാനിക്കില്ലെന്ന് പരാതിയില്‍ ആരോപിക്കുന്നു. വൈകിട്ട് നടക്കാനിറങ്ങുമ്പോളും നഗരത്തില്‍വെച്ചും ഇയാള്‍ തന്നെ നിരന്തരം പിന്തുടരുകയാണെന്ന് ജഡ്ജി പറയുന്നു. ‘വൈകിട്ട് നടക്കാനിറങ്ങിയപ്പോള്‍ അഭിഭാഷകനും തന്നെ പിന്തുടര്‍ന്നു, നടത്തത്തിനിടെ ഒരു ബെഞ്ചില്‍ ഇരുന്ന് പാട്ടു കേള്‍ക്കുന്നതിനിടെ അയാള്‍ അവിടെയുമെത്തി. എതിര്‍വശത്തിരുന്ന് തന്നെ തന്നെ നോക്കിക്കൊണ്ടിരുന്നു. ഭയന്ന താന്‍ ഒരു സുഹൃത്തിന് ലൈവ് ലൊക്കേഷന്‍ അയച്ച് കൊടുത്ത് വിവരം അറിയിച്ചു’- ജഡ്ജി പറഞ്ഞു.

ഇതിനെല്ലാം പുറമേ ഓഫീസിലെ ചുമരിലെ ദ്വാരം വഴി ഇയാള്‍ തന്നെ  ഒളിഞ്ഞുനോക്കുന്നത് പതിവാണെന്നും പരാതിയില്‍ ആരോപിക്കുന്നു. അഭിഭാഷകന്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് വനിതാ ജഡ്ജി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.  ശല്യം സഹിക്കാനാവാതെ പലതവണ അഭിഭാഷകന് താക്കീത് നല്‍കിയതാണ്. എന്നിട്ടും  ഉപദ്രവം അവസാനിപ്പിച്ചില്ല.

ശല്യം കൂടി വന്നതോടെയാണ് പൊലീസിനെ സമീപിക്കുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്. വനിതാ ജഡ്ജിയുടെ പരാതിയില്‍ അഭിഭാഷകനെതിരേ  പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍  അന്വേഷണം നടത്തിവരികയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അസി. പോലീസ് സൂപ്രണ്ട് അനൂപ് കുമാര്‍  വ്യക്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button