ഭർത്താവിനെ കേസിൽ കുടുക്കി ജയിലിലാക്കി; ഐപിഎസ് ഉദ്യോഗസ്ഥ മാപ്പപേക്ഷ നൽകണം

ന്യൂഡൽഹി: വിവാഹമോചന തർക്കത്തിനിടെ ഭർത്താവിനെയും ഭർതൃപിതാവിനെയും കള്ളക്കേസിൽ കുടുക്കി നൂറിലേറെ ദിവസം ജയിലിലടച്ച യുപിയിലെ ഐപിഎസ് ഉദ്യോഗസ്ഥ പൊതുമാപ്പപേക്ഷ നടത്തണമെന്നു സുപ്രീം കോടതി. വിവാഹമോചനക്കേസിനിടെ വൈരാഗ്യം തീർക്കാൻ ഒട്ടേറെ വ്യാജ ക്രിമിനൽ കേസ് നൽകിയതിനും നടപടിയെടുപ്പിച്ചതിനും മാപ്പ് പറഞ്ഞുകൊണ്ട് പത്രപ്പരസ്യം നൽകാനാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.  മാപ്പപേക്ഷ ഇംഗ്ലിഷ്, ഹിന്ദി പത്രങ്ങളിൽ പരസ്യം നൽകുന്നതിനു പുറമേ, സമൂഹമാധ്യമത്തിലും നൽകണം..  

2018 മുതൽ അകന്നു കഴിയുന്ന ഇരുവരുടെയും വിവാഹബന്ധം സുപ്രീം കോടതി സവിശേഷ അധികാരം ഉപയോഗിച്ചു റദ്ദാക്കി. ഇരുകൂട്ടരും തമ്മിലുള്ള മുഴുവൻ കേസുകളും അവസാനിപ്പിക്കുകയും ചെയ്തു. മകളെ അമ്മയ്ക്കൊപ്പം വിട്ട കോടതി, ഭർത്താവിനും വീട്ടുകാർക്കും കുഞ്ഞിനെ കാണാനുള്ള അവസരമുണ്ടാകുമെന്നും വ്യക്തമാക്കി. ഭാര്യയ്ക്ക് നേരത്തേ നിശ്ചയിച്ചിരുന്ന ജീവനാംശം ഒഴിവാക്കുകയും ചെയ്തു.  

ഐപിഎസ് ഉദ്യോഗസ്ഥ നൽകിയ പരാതിപ്രകാരമുള്ള കേസിൽ ഭർത്താവ് 109 ദിവസവും ഭർതൃപിതാവ് 103 ദിവസവുമാണു ജയിലിൽ കഴിഞ്ഞത്. ഇതിനു നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നു വിലയിരുത്തിയ കോടതി ഭർത്താവിനും വീട്ടുകാർക്കും എതിരെ സ്വന്തം അധികാരം ഉപയോഗിച്ചോ സുഹൃദ്സ്വാധീനം ഉപയോഗിച്ചോ ഭാവിയിൽ കേസെടുക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News