അഹമ്മദാബാദ്: രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞതിന് ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചെന്ന് യുവതിയുടെ പരാതി. ഗുജറാത്തിലെ അഹമ്മദാബാദ് സാറ്റലൈറ്റ് ഏരിയയില്‍ താമസിക്കുന്ന 26കാരിയാണ് ഭര്‍ത്താവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഭര്‍ത്താവിനെതിരേ കേസെടുത്തതായും പ്രാഥമിക അന്വേഷണം ആരംഭിച്ചതായും സാറ്റലൈറ്റ് പോലീസ് അറിയിച്ചു.
നാഗ്പുര്‍ സ്വദേശികളായ പരാതിക്കാരിയും ഭര്‍ത്താവും 2017 ജനുവരി 18നാണ് വിവാഹിതരായത്. അടുത്തവര്‍ഷം തന്നെ ദമ്പതിമാര്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചു. കഴിഞ്ഞ നവംബറില്‍ രണ്ടാമതൊരു കുഞ്ഞ് കൂടി വേണമെന്ന് യുവതി ഭര്‍ത്താവിനോട് പറഞ്ഞു. കുഞ്ഞ് വേണ്ടെന്നായിരുന്നു ഭര്‍ത്താവിന്റെ നിലപാട്. തുടര്‍ന്ന് യുവതി നിരന്തരം ആവശ്യം ഉന്നയിച്ചെങ്കിലും ഭര്‍ത്താവ് നിരാകരിച്ചു. ഇതേച്ചൊല്ലി ദമ്പതിമാര്‍ വഴക്കിടുന്നതും പതിവായി.
പിന്നാലെ മര്‍ദനവും ആരംഭിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ കൊണ്ട് നെറ്റിയില്‍ അടിച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നുമാണ് പരാതിയിലെ ആരോപണം. പെണ്‍കുട്ടികള്‍ക്കായി പി.ജി. ഹോസ്റ്റല്‍ നടത്തുന്ന ഭര്‍ത്താവ് രാത്രി വൈകിയാണ് വീട്ടിലെത്താറുള്ളതെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ ആക്രമിച്ചെന്നും തുടര്‍ന്ന് ഭര്‍തൃമാതാപിതാക്കളെ വിവരമറിയിച്ചെങ്കിലും അവര്‍ തന്നെ വഴക്കുപറയുകയാണ് ചെയ്തതെന്നും യുവതി ആരോപിക്കുന്നു.
കഴിഞ്ഞമാസം മദ്യപിച്ചെത്തിയ ശേഷവും ഭര്‍ത്താവ് മര്‍ദിച്ചു. താന്‍ ഹോസ്റ്റല്‍ നടത്തിപ്പിന് എതിരുനില്‍ക്കുന്നതായി ആരോപിച്ചാണ് മര്‍ദിച്ചത്. ചില പെണ്‍കുട്ടികള്‍ ഹോസ്റ്റല്‍ ഒഴിവാക്കി പോയെന്നും അതിന് കാരണം താനാണെന്നും പറഞ്ഞാണ് ഭര്‍ത്താവ് ആക്രമിച്ചതെന്നും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.