‘ഇവനാണ് കായംകുളത്ത് പോലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്‍’; ഫേസ്ബുക്ക് പോസ്റ്റുമായി മുകേഷ്

കൊല്ലം: ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ച കോളജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോയ തനിക്കും പര്‍ദ്ദ ധരിച്ചെത്തിയ അമ്മയ്ക്കും വസ്ത്രത്തിന്റെ പേരില്‍ പോലീസില്‍ നിന്ന് മോശം അനുഭവമുണ്ടായെന്നു പോസ്റ്റിട്ട യുവാവിനെതിരെ നടനും എംഎല്‍എയുമായ മുകേഷ്. കേരള പൊലീസിലെ സംഘിയെ കണ്ടുമുട്ടി എന്ന തലക്കെട്ടിലാണ് ഉദ്യോഗസ്ഥനെതിരെ ചാത്തന്നൂര്‍ സ്വദേശിയായ അഫ്സല്‍ മണിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്.

പണ്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ തെറി വിളിച്ച് കമന്റ് ഇട്ടത് ഇതേ യുവാവാണെന്ന് മുകേഷ് എഫ്ബി പോസ്റ്റില്‍ പറയുന്നു. അന്ന് മറുപടി കൊടുത്തതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് എംഎല്‍എയുടെ പോസ്റ്റ്. മുകേഷ് ഫേസ്ബുക്കില്‍ കുറിച്ചത്: ചില കണക്കുകൂട്ടലുകള്‍ അത് തെറ്റാറില്ല.. ഇവനാണ് കായംകുളത്ത് പോലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്‍… അന്ന് ഇവന്റെ പേര് ആര്യന്‍ മിത്ര എന്നായിരുന്നു…

ഉമ്മ പര്‍ദ്ദ ഇട്ടിരുന്നതുകൊണ്ടാണ് വാഹനം കടത്തിവിടാതിരുന്നതെന്നായിരുന്നു ചാത്തന്നൂര്‍ സ്വദേശി അഫ്സല്‍ മണിയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അങ്ങനെ കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി എന്ന തലക്കെട്ടോടെയാണ് അഫ്‌സല്‍ സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചത്. സംഭവം നിഷേധിച്ചുകൊണ്ട് ഓച്ചിറ സിഐ രംഗത്ത് വരികയും ചെയ്തു. ‘അഞ്ചുവയസുള്ള ഒരു കുട്ടിയടക്കമാണ് അവര്‍ വന്നത് . കോളേജില്‍ നിന്നും സഹോദരിയെ വിളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു. ഇന്നലെയും അവധി ദിനമായിരുന്നു.

അവര്‍ക്ക് ഇന്നലെ വിളിക്കാന്‍ പോകാമായിരുന്നു. അടിയന്തര ആവശ്യമല്ലാത്തതിനാല്‍ തിരിച്ചുപോകാന്‍ പറഞ്ഞു.അല്ലെങ്കില്‍ നാളെ പോയി വിളിക്കാം. ആലപ്പുഴ ജില്ലയിലേയ്ക്ക് വിടാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ കാറിലിരുന്ന സ്ത്രീ കുറിയിട്ടവരെയൊക്കെ കടത്തിവിട്ടല്ലോ, പര്‍ദ്ദ ഇട്ടതുകൊണ്ടാണോ ഞങ്ങളെ കടത്തിവിടാത്തത് എന്ന് ചോദിച്ചു . നിങ്ങളുടെ കണ്ണിന്റെയും മനസിന്റെയും അസുഖത്തിനുള്ള ചികില്‍സ എന്റെ കയ്യിലില്ലെന്നാണ് ഞാന്‍ അപ്പോള്‍ പറഞ്ഞത്.

അല്ലാതെ പോസ്റ്റില്‍ പറയുന്നത് പോലെ വസ്ത്രം പ്രശ്നമാണെന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല’-ഇതായിരുന്നു സിഐയുടെ പ്രതികരണം.ഇപ്പോഴിതാ സംഭവത്തില്‍ കൊല്ലം എംഎല്‍എ മുകേഷും പ്രതികരിച്ചിരിക്കുകയാണ്. മുമ്പൊരിക്കല്‍ സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് നേര്‍ക്ക് അസഭ്യം പറഞ്ഞയാളാണ് കായംകുളത്തെ പൊലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചിരിക്കുന്നതെന്നാണ് മുകേഷ് പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News