മലയിന്‍കീഴ്: കൊവിഡ് പ്രതിരോധ വാക്സിന്‍ എടുക്കാനെത്തിയ യുവതിക്ക് അഞ്ചുമിനിറ്റിന്റെ ഇടവേളയില്‍ രണ്ടു ഡോസ് വാക്സിന്‍ നല്‍കി. മലയിന്‍കീഴ് കുഴിതാലംകോട് ശ്രീഭവനില്‍ ശ്രീകുമാര്‍- ശ്രീകല ദമ്പതികളുടെ മകള്‍ ശ്രീലക്ഷ്മി(23)ക്കാണ് അഞ്ചു മിനിറ്റ് ഇടവേളയില്‍ രണ്ടു ഡോസ് വാക്സിന്‍ എടുത്തത്.
കാട്ടാക്കട താലൂക്ക് ആസ്ഥാന ആശുപത്രിയായ മലയിന്‍കീഴ് മണിയറവിള ആശുപത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ആദ്യ കോവിഡ് പ്രതിരോധ ഡോസ് എടുക്കാനാണ് ശ്രീലക്ഷ്മി മാതാവിനൊപ്പം എത്തിയത്. ക്രമപ്രകാരം കുത്തിവയ്പ് എടുക്കാന്‍ കയറുകയും നഴ്സ് ഡോസേജ് നല്‍കുകയും ചെയ്തു.
ശ്രീലക്ഷ്മിയോട് പുറത്തേക്ക് പോകാന്‍ നഴ്സ് പറയാത്തതു കാരണം അവര്‍ അവിടെത്തന്നെ ഇരുന്നു. ഇതിനിടെ ഫോണ്‍ അറ്റന്‍ഡ് ചെയ്ത നഴ്സ് തിരികെ എത്തി വീണ്ടും കുത്തിവയ്പെടുത്തു. ആദ്യം എടുത്തത് ടെസ്റ്റ് ആകാം എന്നു കരുതിയ യുവതി കുത്തിവയ്പ് കഴിഞ്ഞപ്പോള്‍ ഇക്കാര്യം സൂചിപ്പിച്ചതോടെയാണ് രണ്ടുതവണ ഒരേ ഡോസേജ് എടുത്തതെന്ന തിരിച്ചറിവ് ഉണ്ടായത്.
ഇതോടെ വിഷയം മാതാവിനോട് പറയുകയും ആശുപത്രി അധികൃതരുമായി ഇതു സംബന്ധിച്ചു തര്‍ക്കം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് ഡി.എം.ഒ. ഇടപെട്ട് ശ്രീലക്ഷ്മിയെ നിരീക്ഷണത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നിരീക്ഷണത്തിനൊടുവില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ നിര്‍ദേശം നല്‍കി മടക്കിയയച്ചു.
അതേസമയം ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സാധാരണ വാക്സിനേഷന്‍ കഴിഞ്ഞുണ്ടാകുന്ന ലക്ഷണങ്ങള്‍ മാത്രമേ അധിക ഡോസേജ് കുത്തിവയ്പ്പിലും ഉണ്ടാകുള്ളൂവെന്നും ഡി.എം.ഒ. പ്രതികരിച്ചു. വാക്സിന്‍ എടുത്തശേഷം നിരീക്ഷണ മുറിയില്‍ പോകാതിരുന്നതാണ് ആശയക്കുഴപ്പത്തിന് ഇടയായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.