കൊച്ചി: സ്ത്രീധന പീഡന പരാതിയില്‍ പോലീസ് നടപടിയെടുക്കാത്തതിനെതിരെ പൊട്ടിത്തെറിച്ചു പെണ്‍കുട്ടി. ‘വിസ്മയയെ പോലെ താനും മരിക്കണമായിരുന്നു. എങ്കില്‍ കുറ്റവാളികളികളെ അറസ്റ്റു ചെയ്യുമായിരുന്നു. ഇവിടെ ഒരു പെണ്‍കുട്ടിയും ഒന്നും തുറന്നു പറയാത്തത് ഇതുകൊണ്ടാണ്. ആര്‍ക്കും നീതി ലഭിക്കാത്ത സ്ഥിതിയാണ്.’- പെണ്‍കുട്ടി പറഞ്ഞു.
പരാതിയില്‍ കേസെടുത്ത് ഒരാഴ്ചയായിട്ടും പ്രതികളെ ചോദ്യം ചെയ്തട്ടില്ല. പ്രതികളുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്‍ കേസ് അട്ടിമറിക്കാന്‍ ഇടപെടുന്നതായി പീഡനത്തിനിരയായ പെണ്‍കുട്ടി ആരോപിച്ചു. ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ധിക്കുകയും പട്ടിണിക്കിടുകയും ചെയ്ത പച്ചാളം സ്വദേശി ജിപ്സണ്‍ മകളുടെ ദുരവസ്ഥ ചോദ്യം ചെയ്ത ഭാര്യാപിതാവിന്റെ കാലു തല്ലി ഒടിക്കുകയും ചെയ്തിരുന്നു.
ആദ്യ പരാതിയില്‍ നടപടി എടുക്കാത്ത പോലീസ് വീണ്ടും കേസെടുത്തെങ്കിലും ഇരയായ പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴിയെടുപ്പ് ഇപ്പോഴും തുടരുകയാണ്. ഇതിനിടെ പെണ്‍കുട്ടിയുടെ ഭര്‍ത്താവും മാതാപിതാക്കളും മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി. പ്രതികളുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്‍ ഇടപെടുന്നതിനാലാണ് അറസ്റ്റ് നടക്കാത്തതെന്ന് പെണ്‍കുട്ടി ആരോപിച്ചു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ പോലീസ് ഒത്തുകളിക്കുന്നതായി ആക്ഷന്‍ കൗണ്‍സിലും ആരോപിച്ചു.
ആദ്യ പരാതിയില്‍ നടപടിയെടുക്കാത്തതിന് വനിത കമ്മീഷനും പോലീസിനെ വിമര്‍ശിച്ചിരുന്നു. ഭര്‍ത്തൃവീട്ടില്‍ ഒട്ടനവധി പീഡനകളാണ് മുപ്പത്തിയൊന്നുകാരിയായ യുവതിക്ക് അനുഭവിക്കേണ്ടി വന്നത്. രണ്ടുവര്‍ഷം മുമ്ബാണ് പച്ചാളം സ്വദേശി ജിപ്സണുമായുള്ള ഇവരുടെ വിവാഹം നടക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ പൊതു ജീവിതത്തില്‍ തുടക്കം മുതല്‍ തന്നെ കല്ലുകടി അനുഭവപ്പെട്ടു തുടങ്ങി.
തന്റെ സ്വര്‍ണാഭരണങ്ങളും വീട്ടില്‍ നിന്ന് കൂടുതല്‍ പണവും ആവശ്യപ്പെട്ടുകൊണ്ട് ആദ്യം ഭര്‍ത്താവ് നിബന്ധനകള്‍ തുടങ്ങി. പിന്നീട് ഇയാളുടെ മാതാപിതാക്കളും ഇതേ വഴി സ്വീകരിച്ചു. തങ്ങള്‍ക്ക് പുതിയ ഫ്ലാറ്റ് വാങ്ങുന്നതിനു വേണ്ടി സ്ത്രീധനമായി 60 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം എന്നാല്‍ പെണ്‍കുട്ടി വഴങ്ങി കൊടുത്തില്ല. തുടര്‍ന്ന് ഇയാള്‍ മര്‍ദ്ദനമുറകള്‍ ആരംഭിച്ചു. ആവശ്യത്തിന് ഭക്ഷണം പോലും നല്‍കാതെയായിരുന്നു മര്‍ദ്ദനം.
രണ്ടാം വിവാഹമാണെന്ന ഒറ്റക്കാരണത്താല്‍ ആണ് എല്ലാം സഹിച്ചത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവ് ജിപ്സണും അയാളുടെ മാതാപിതാക്കള്‍ക്കും വേണ്ടത് പണം മാത്രമായിരുന്നുവെന്ന് യുവതി പറഞ്ഞഒ. മരുമകന്റെയും കുടുംബത്തിന്റെയും ആക്രമണത്തില്‍ കാലൊടിഞ്ഞു വാരിയെല്ല് തകര്‍ന്നു ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു യുവതിയുടെ വയോധികനായ പിതാവ്.
മൂന്നു മാസം മുമ്പവയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. അന്നുമുതല്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാനുള്ള ശ്രമം തുടങ്ങി. ഭര്‍ത്താവിന്റെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തായ വൈദികനും ഭര്‍തൃവീട്ടുകാരെ സംരക്ഷിക്കാന്‍ ഇടപെടുന്നുണ്ടെന്നും കേസിന്റെ തുടക്കം മുതല്‍ യുവതി ആരോപിച്ചിരുന്നു. നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ചു ആക്ഷന്‍ കൗണ്‍സിലും സമരത്തിന് ഒരുങ്ങുകയാണ്.