പലതവണ വീട്ടിൽ പോയെങ്കിലും അസ്മ ഗർഭിണിയാണെന്നറിഞ്ഞില്ല, കണ്ടത് ജനലിൽകൂടി; പ്രസവരക്തത്തോടെ കുട്ടി

മലപ്പുറം: ചട്ടിപ്പറമ്പ് ഈസ്റ്റ് കോഡൂരിലെ വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. ഞായറാഴ്ച രാവിലെ ടെലിവിഷൻ ചാനലുകളിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും മറ്റുമാണ് പലരും സംഭവം അറിയുന്നത്. ഒന്നരവർഷത്തോളം വാടകവീട്ടിൽ താമസിച്ചിട്ടും അയൽക്കാരുമായോ നാട്ടുകാരുമായോ ബന്ധമുണ്ടാക്കാൻ സിറാജുദ്ദീനും ഭാര്യ അസ്മയും താത്‌പര്യം കാണിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

‘‘താണിക്കൽ ഭാഗത്തെ വീട്ടിൽനിന്ന് താമസം മാറിയാണ് വാടകവീട് അന്വേഷിച്ച് സിറാജുദ്ദീൻ എത്തുന്നത്. കാസർകോട്‌ ഭാഗത്തുള്ള പള്ളിയിൽ ഉസ്താദാണെന്നാണു പറഞ്ഞത്. മതപ്രഭാഷകൻ കൂടിയാണെന്ന് പരിചയപ്പെടുത്തിയ അദ്ദേഹത്തിന് അങ്ങനെയാണ് വീട് കാണിച്ചുകൊടുത്തത്’’ -സിറാജുദ്ദീനും കുടുംബവും ഇപ്പോൾ താമസിക്കുന്ന വീട് നൽകിയ ഈസ്റ്റ് കോഡൂരിലെ നടുത്തളത്ത് സൈനുദീന്റെ വാക്കുകൾ.

സുഹൃത്തായ പ്രവാസി കുഞ്ഞിമുഹമ്മദ് പുളിക്കലിന്റെ വീടാണ് ഇവർക്ക് താമസിക്കാൻ നൽകിയത്. വീട് നോക്കിനടത്തിയിരുന്ന സൈനുദ്ദീൻ ഇടയ്ക്ക് തേങ്ങ പെറുക്കാനും മറ്റുമായി വീട്ടുപറമ്പിൽ പോകാറുണ്ടായിരുന്നു. എന്നാൽ സിറാജുദ്ദീൻ അധികം അടുപ്പം കാണിച്ചിരുന്നില്ലെന്നും സൈനുദ്ദീൻ കൂട്ടിച്ചേർക്കുന്നു. തൊട്ടടുത്ത വീടായിട്ടും ഒരിക്കൽപ്പോലും സിറാജുദ്ദീനോ ഭാര്യയോ തങ്ങളോട് സംസാരിച്ചിട്ടില്ലെന്നാണ് അയൽവാസിയായ മഞ്ജുനാഥ് ഷെട്ടി പറയുന്നത്. എന്താവശ്യത്തിനും സ്‌കൂട്ടറിൽ പുറത്തുപോയി തിരികെ വീട്ടിലെത്തുന്ന രീതിയായിരുന്നു സിറാജുദ്ദീന്. ആറുമാസം മുൻപുവരെ അവിടെയുണ്ടായിരുന്ന സിറാജിന്റെ പിതാവ് സംസാരിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പോയതോടെ ബന്ധം തീരേ ഇല്ലാതായെന്നും മഞ്ജുനാഥ് പറഞ്ഞു.

പല തവണകളായി വീട്ടിൽ ചെന്നിട്ടുണ്ടെങ്കിലും അസ്മ ഗർഭിണിയാണെന്ന് അറിയാഞ്ഞതിന്റെ ഞെട്ടലിലാണ് ആശവർക്കർ പറമ്പേൻ റൈഹാനത്ത്. വീട്ടിൽ ചെല്ലുമ്പോഴൊക്കെ ജനലിലൂടെയാണ് അസ്മയെ കണ്ടിട്ടുള്ളത്. അവസാനമായി ജനുവരിയിൽ കണ്ടപ്പോൾ ഗർഭിണിയാണോ എന്ന് അന്വേഷിച്ചിരുന്നു. എന്നാൽ അല്ലെന്നു പറഞ്ഞപ്പോൾ കൂടുതൽ കാര്യങ്ങൾ ചോദിച്ചില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ നമ്പർ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരാവശ്യത്തിനും അവർ വിളിച്ചിട്ടില്ലെന്നും റൈഹാനത്ത് സാക്ഷ്യപ്പെടുത്തുന്നു. ഫോണിലൂടെ ബന്ധപ്പെടാറുണ്ടെങ്കിലും പലപ്പോഴും അസ്മ പ്രതികരിക്കാറില്ലെന്നാണ് അങ്കണവാടി അധ്യാപിക കെ. കെവല്ലിയുടെയും അനുഭവം.

ഡിഎംഒ റിപ്പോർട്ട് തേടി

മലപ്പുറം : വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ പെരുമ്പാവൂരിൽനിന്നുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മരിച്ച യുവതിയും കുടുംബവും താമസിച്ചിരുന്ന കോഡൂരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക. റിപ്പോർട്ട് പരിശോധിച്ചശേഷം ആവശ്യമെങ്കിൽ ചെയ്യാവുന്ന തുടർനടപടികൾ സ്വീകരിക്കും. വീട്ടിൽ നടക്കുന്ന പ്രസവത്തിനെതിരേ ജാഗ്രതകൂട്ടാൻ ആവശ്യമായ പ്രവർത്തനങ്ങളുമുണ്ടാകും. -ഡിഎംഒ പ്രതികരിച്ചു.

സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

മലപ്പുറം : ചട്ടിപ്പറമ്പ് ഈസ്റ്റ് കോഡൂരിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. മരണവിവരം രഹസ്യമാക്കി മൃതശരീരം ഭർത്താവ് സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് എടുക്കാതെ വീട്ടുപ്രസവത്തിന് യുവതിയെ നിർബന്ധിച്ച ഭർത്താവ് അടക്കമുള്ളവരെ പ്രതി ചേർത്ത് കേസ് എടുക്കണമെന്നും ജയ്‌സിങ് പരാതിയിൽ ആവശ്യപ്പെടുന്നു. വീട്ടുപ്രസവത്തിലുണ്ടാകുന്ന അപകടങ്ങൾ മുൻനിർത്തി ആരോഗ്യവകുപ്പിലെ ഡോ. കെ. പ്രതിഭയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പെരുമ്പാവൂർ/ ചട്ടിപ്പറമ്പ്: വീട്ടിലെ പ്രസവത്തെത്തുടർന്ന് ചികിത്സ ലഭിക്കാതെ മലപ്പുറത്തു മരിച്ച അസ്മയുടെ മൃതദേഹം ഭർത്താവ് സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത് ഭാര്യ വീട്ടുകാരെ അറിയിക്കാതെ. ആലപ്പുഴയിലുള്ള ഒരു ബന്ധുവിൽനിന്നാണ് മരണവിവരം അറയ്ക്കപ്പടിയിലെ വീട്ടുകാർ അറിയുന്നത്. വീട്ടുകാർ മൃതദേഹം ഏറ്റുവാങ്ങാൻ സന്നദ്ധരാണെന്ന് ബന്ധുവിനെ ധരിപ്പിക്കുകയായിരുന്നു. ഈ ഉറപ്പിലാണ് ആംബുലൻസ് അസ്മയുടെ വീട്ടിലെത്തിച്ചത്.

ബാപ്പയുടെ അടുത്തുതന്നെ മറവുചെയ്യണമെന്ന് അസ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് സിറാജുദ്ദീൻ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത്. വീട്ടിലെത്തി കാര്യങ്ങൾ തിരക്കിയപ്പോൾ സിറാജുദ്ദീന്റെ പ്രതികരണങ്ങളിൽ ബന്ധുക്കൾക്ക് സംശയം ഉണ്ടായി. അവർ അസ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാത്തത് ചോദ്യംചെയ്തു. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റവും കൈയേറ്റവുമുണ്ടായി. ഇരു വിഭാഗത്തെയും അഞ്ചുപേർക്ക് വീതം പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പെരുമ്പാവൂർ പോലീസ് എത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

നവജാതശിശു ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ പീഡിയാട്രിക് വിഭാഗത്തിൽ നിയോ നേറ്റൽ എൻഐസിയുവിൽ ചികിത്സയിലാണ്. സ്ഥിതി വഷളായാൽ വെന്റിലേറ്റർ ചികിത്സ നൽകേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ശനിയാഴ്ച വൈകീട്ട് മലപ്പുറത്തെ വീട്ടിൽ ജനിച്ച നവജാത ശിശുവിനെയും കൊണ്ട് ദീർഘദൂര യാത്രയാണ് പിതാവ് സിറാജുദ്ദീൻ നടത്തിയത്.

: അസ്മ മരിച്ച സംഭവത്തിൽ പെരുമ്പാവൂർ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. മൃതദേഹപരിശോധനാ നടപടികൾക്കു ശേഷം കേസ് മലപ്പുറം പോലീസിനു കൈമാറും. തിങ്കളാഴ്ച രാവിലെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോകും. ഇവരുടെ മറ്റു മക്കളെ സിറാജുദ്ദീന്റെ വീട്ടുകാർ കൊണ്ടുപോയി. പരേതനായ ഇബ്രാഹിം മുസ്‍ലിയാരാണ് അസ്‌മയുടെ പിതാവ്. മാതാവ്: ശരീഫ.

മലപ്പുറം: ‘അമ്മമാരുടെയും നവജാതശിശുക്കളുടെയും സുരക്ഷ’ എന്ന കാമ്പെയിനുമായി ലോകാരോഗ്യദിനം ആചരിക്കുന്നതിന്റെ തലേന്നുതന്നെ, വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ചത് അറിഞ്ഞ ഞെട്ടലിലാണ് ആരോഗ്യവകുപ്പ്. നിരന്തരം ബോധവത്കരണം നടത്തിയിട്ടും ആശമാരെ ഉപയോഗിച്ച് നിരീക്ഷണം കർശനമാക്കിയിട്ടും വീടുകളിൽ പ്രസവം തുടരുകയാണ്. ഇതു തടയാൻ നിയമപരമായി വ്യവസ്ഥയില്ലാത്തത് ആരോഗ്യവകുപ്പിനെ കുഴക്കുന്നു.

കേരളത്തിൽ 2023 മാർച്ച് മുതൽ 2024 മാർച്ച് വരെ മാത്രം 523 വീട്ടുപ്രസവങ്ങൾ നടന്നതായാണ് കണക്ക്. ഇതിൽ 253 എണ്ണം മലപ്പുറം ജില്ലയിലാണ്. ഇതിൽ കുഞ്ഞുങ്ങൾ മരിച്ച സംഭവങ്ങളുമുണ്ട്.

പലതും പുറത്തറിയാറില്ല. ഇതരജില്ലകളിൽനിന്നും ലക്ഷദ്വീപിൽ നിന്നുമെല്ലാം വീട്ടുപ്രസവത്തിനായി സ്ത്രീകളെ മലപ്പുറത്തെത്തിക്കുന്ന സംഘങ്ങളുണ്ട്. ഇതിനായി രഹസ്യ വാട്‌സാപ്പ് ഗ്രൂപ്പുകളുമുണ്ട്. അക്യുപങ്ചർ, ഹിജാമ, പ്രകൃതി തുടങ്ങിയ സമാന്തര ചികിത്സാസംഘങ്ങളാണ് വീട്ടുപ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്ന് ആരോഗ്യവകുപ്പിന് അറിയാം. എന്നാൽ ഇവരുടെപേരിൽ നിയമനടപടിയെടുക്കാൻ നിലവിൽ കഴിയില്ല. എവിടെ പ്രസവിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം അമ്മമാർക്കുണ്ടെന്നതാണ് കാരണം. പലസംഭവങ്ങളിലും ഭർത്താക്കൻമാരുടെ അന്ധവിശ്വാസത്തിന്റെ ബലിയാടാവുകയാണ് സ്ത്രീകൾ.

ചട്ടിപ്പറമ്പ്/പെരുമ്പാവൂർ: മലപ്പുറം ചട്ടിപ്പറമ്പിൽ വാടകവീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ചു. എറണാകുളം പെരുമ്പാവൂർ അറയ്ക്കപ്പടി സ്വദേശിനി കൊപ്പറമ്പിൽ അസ്‌മ(35)യാണ് മരിച്ചത്. ഇവരുടെ അഞ്ചാം പ്രസവമാണിത്. നവജാതശിശുവിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലപ്പുഴ സ്വദേശിയായ ഭർത്താവ് സിറാജുദ്ദീനൊപ്പം ഈസ്റ്റ് കോഡൂരിലെ വാടകവീട്ടിലായിരുന്നു അസ്‌മയും കുടുംബവും താമസിച്ചിരുന്നത്. ആത്മീയചികിത്സകനും മതപ്രഭാഷകനുമാണെന്ന് അവകാശപ്പെടുന്ന സിറാജുദ്ദീന് അയൽവാസികൾ ഉൾപ്പെടെയുള്ളവരുമായി ബന്ധമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രസവവും യുവതിയുടെ മരണവുമൊന്നും മറ്റാരും അറിഞ്ഞില്ല.

അസ്‌മ ഗർഭിണിയാണെന്ന് അയൽവാസികൾക്ക് സംശയമുണ്ടായിരുന്നു. എന്നാൽ, വീട്ടിൽ പതിവുസന്ദർശനത്തിനെത്തിയ ആശവർക്കറോടുപോലും ഗർഭമില്ലെന്നാണു പറഞ്ഞിരുന്നത്. ശനിയാഴ്ച രാത്രി നാട്ടുകാർ അറിയാതെ പുറത്തുനിന്നുള്ള കൂട്ടുകാരെ വിളിച്ചുവരുത്തി, കുട്ടികളെയുംകൂട്ടി അസ്‌മയുടെ മൃതദേഹവുമായി പെരുമ്പാവൂരിലേക്കു പോകുകയായിരുന്നു. പായയിൽ പൊതിഞ്ഞാണ് അസ്‌മയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഏഴോടെ പെരുമ്പാവൂർ അറയ്ക്കപ്പടിയിലെ വീട്ടിലെത്തിച്ചത്. നവജാതശിശുവിന്റെ ശരീരത്തിൽ പ്രസവസമയത്തെ രക്തംപോലും തുടച്ചുമാറ്റാത്ത നിലയിലായിരുന്നുവെന്ന് അസ്‌മയുടെ ബന്ധുക്കൾ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News