വാഷിങ്ടണ്‍: മുന്‍ ആണ്‍സുഹൃത്തിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ 911-ലേക്ക് വിളിച്ച് സഹായം തേടിയ യുവതി, സ്ഥലത്തെത്തിയ നിയമപാലകന്റെ വെടിയേറ്റ് മരിച്ചു. ലോസ് ആഞ്ജലീസിലാണ് സംഭവം. നിയാനി ഫിന്‍ലേസണ്‍ (27) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഡിംസബര്‍ നാലിനാണ് സംഭവം നടന്നത്.
മുന്‍ ആണ്‍സുഹൃത്തില്‍നിന്ന് ശല്യം നേരിടുന്നുവെന്ന് പറഞ്ഞുള്ള നിയാനിയുടെ ഫോണ്‍കോള്‍ കേട്ട് എത്തിയതായിരുന്നു പോലീസ്. താമസസ്ഥലത്തെത്തിയ പോലീസ് പിടിവലിയുടെയും അലര്‍ച്ചയുടെയും ശബ്ദം കേട്ടതായി ലോസ് ആഞ്ജലീസ് ഷെരീഫ്‌സ് ഡിപ്പാര്‍ട്‌മെന്റ് (എല്‍.എ.എസ്.ഡി.) ഉദ്യോഗസ്ഥൻ പറഞ്ഞു.
നിയാനി കയ്യില്‍ കത്തിയുമായി മുന്‍ ആണ്‍സുഹൃത്തിനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും അതിനാലാണ് സ്ഥലത്തെത്തിയ ഡെപ്യൂട്ടി വെടിയുതിര്‍ത്തതെന്നുമാണ് എല്‍.എ.എസ്.ഡിയുടെ ഭാഷ്യം. എന്നാല്‍, മുന്‍ ആണ്‍സുഹൃത്തിന്റെ ആക്രമണത്തില്‍ നിയാനിക്ക് പരിക്കേറ്റിരുന്നെന്നും ഒന്‍പതു വയസ്സുകാരി മകള്‍ക്കൊപ്പം അപ്പാര്‍ട്‌മെന്റിനുള്ളില്‍ ഉണ്ടായിരുന്ന അവര്‍, അയാളെ ഇറക്കിവിടാനാണ് അവര്‍ പോലീസ് സഹായം തേടിയതെന്നും നിയാനിയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
പോലീസിന്റെ ഭാഷ്യം തെറ്റാണെന്നും ഗാര്‍ഹിക പീഡനത്തിന്റെ ഇരയായ നിയാനി, സംരക്ഷണം തേടിയാണ് വിളിച്ചതെന്ന് കുടുംബം പറയുന്നു. ഒന്നിലധികം തവണ വെടിയേറ്റതിനെ തുടര്‍ന്നാണ് നിയാനി കൊല്ലപ്പെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സ്ഥലത്തെത്തിയ ഡെപ്യൂട്ടിയുടെ ശരീരത്തിലെ ക്യാമറയിലെ ദൃശ്യങ്ങള്‍ എല്‍.എ.എസ്.ഡി. ഇനിയും പുറത്തുവിട്ടിട്ടില്ല. നിയാനി ഭീഷണി മുഴക്കിയെന്ന പോലീസ് വാദം തെറ്റാണെന്ന് വെടിവെപ്പിന് സാക്ഷിയായ അവരുടെ മകളും പ്രതികരിച്ചു.