നെയ്യാറില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നെയ്യാറ്റിന്‍കര പാലക്കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആര്യങ്കോട് സ്വദേശി ലീല ഭായിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒഴുക്കില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അതേസംയം, ഇടുക്കി ഇരട്ടയാര്‍ ടണല്‍ സൈറ്റില്‍ നിന്നു കാണാതായ യുവാവിന്റെ മൃതദേഹം ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയില്‍ കണ്ടെത്തി. വലിയതോവാള മന്നാക്കുടി പാറയില്‍ ബാബുവിന്റെ മകന്‍ ഹരികൃഷ്ണ ലാലിന്റെ (21) മൃതദേഹമാണ് കണ്ടെത്തിയത്. നവംബര്‍ 1ന് വൈകിട്ടാണ് ഹരികൃഷ്ണയെ കാണാതായത്.

തുടര്‍ന്ന് ബന്ധുക്കള്‍ നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കി അന്വേഷണം നടക്കുന്നതിനിടെയാണ് ഹരികൃഷ്ണ ഉപയോഗിച്ചിരുന്ന ബൈക്കും മൊബൈല്‍ ഫോണും ഇരട്ടയാര്‍ ടണല്‍ സൈറ്റിനു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ഇരട്ടയാര്‍ ടണല്‍ സൈറ്റില്‍ നിന്നുള്ള വെള്ളം തുരങ്കത്തിലൂടെ അഞ്ചുരുളിയില്‍ എത്തുന്നതിനാല്‍ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ അഞ്ചുരുളി ജലാശയത്തില്‍ 2 ദിവസത്തിലേറെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇന്നലെ അഞ്ചുരുളിയില്‍ മത്സ്യബന്ധനത്തിന് എത്തിയവരാണ് തുരങ്കമുഖത്ത് നിന്ന് 200 മീറ്ററോളം മാറി മൃതദേഹം കണ്ടത്. തുടര്‍ന്ന് അഗ്‌നിരക്ഷാസേനാ യൂണിറ്റിന്റെ നേതൃത്വത്തില്‍ മൃതദേഹം കരയ്‌ക്കെത്തിച്ചു. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം വൈകിട്ടോടെ വീട്ടില്‍ എത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News