പോത്തന്‍കോട്: കാട്ടായിക്കോണം ശാസ്തവട്ടം മടവൂര്‍പ്പാറ പരിസ്ഥിതി സൗഹൃദ പാര്‍ക്കിനു സമീപം കാടുകയറിക്കിടന്ന സ്വകാര്യ പുരയിടത്തില്‍ സ്ത്രീയുടെ മൃതാവശിഷ്ടം കണ്ടെത്തി. ഒന്നര മാസം മുന്‍പ് കാണാതായ കാട്ടായിക്കോണം പൂപ്പന്‍വിളവീട്ടില്‍ ലീല എന്ന കനകമ്മയുടെ(67) മൃതദേഹമാണെന്ന് വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞ ബന്ധുക്കള്‍ പോലീസിനു മൊഴി നല്‍കി.
എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്കു ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാവൂ എന്നു പോത്തന്‍കോട് പ്രിന്‍സിപ്പല്‍ എസ്ഐ വിനോദ് വിക്രമാദിത്യന്‍ പറഞ്ഞു. മനോദൗര്‍ബല്യമുളള ലീല മകളുടെ കല്ലയത്തുളള വീട്ടിലേക്കായി നവംബര്‍ പത്തിന് പോയ ശേഷം കാണാതായെന്നു മരുമകള്‍ ഇന്ദു പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു.
സമീപത്തു താമസിക്കുന്ന കഴക്കൂട്ടം സ്റ്റേഷനിലെ വനിതാ പോലീസ് മെറ്റില്‍ഡ കുറച്ചു നാള്‍ മുന്‍പ് ലീലയെ ഈ ഭാഗത്ത് കണ്ടതായി സ്ഥിരീകരിച്ചിരുന്നു. തലയോട്ടിക്കും അസ്ഥിക്കഷണങ്ങള്‍ക്കും പുറമെ സാരി, ചെരുപ്പ്, പഴ്സ് എന്നിവയാണ് കണ്ടെത്തിയത്. ശരീരം മണ്ണോട് അഴുകി ചേര്‍ന്നിരുന്നു. തിരിച്ചറിയാനുളള രേഖകള്‍ പഴ്സില്‍ ഉണ്ടായിരുന്നില്ല. ഒരു ചെരുപ്പ് കുന്നിന്‍ചെരുവില്‍ പതിഞ്ഞ നിലയിലായിരുന്നു.
കുന്നു കയറാന്‍ ശ്രമിക്കവെ മറിഞ്ഞു വീണ് അപകടത്തില്‍പ്പെട്ടതാകാമെന്നു കരുതുന്നു. പുരയിടം വൃത്തിയാക്കാന്‍ ഉടമ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ശാസ്തവട്ടം സ്വാമിയാര്‍മഠം റോഡില്‍ നിന്നു മുന്നൂറു മീറ്റര്‍ മാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പോത്തന്‍കോട് എസ്എച്ച്ഒ ശ്യാമിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി. കാട്ടുപന്നിയും ഇഴജന്തുക്കളും ധാരാളമുളള പുരയിടമാണെന്ന് ഉടമ പറഞ്ഞു.