തിരുവനന്തപുരം: ‘ഇടതുപക്ഷ കേരളം സുരക്ഷിത കേരളം’ എന്ന മുദ്രാവാക്യവുമായി എല്‍ഡിഎഫ് വനിതാ സംഘടനകള്‍ നവംബര്‍ ഒന്നിന് നടത്തുന്ന പരിപാടിയെപ്പറ്റി വിശദീകരിക്കാന്‍ നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗില്‍ വനിതാ സഖാക്കള്‍ തമ്മില്‍ കലഹം. ഓണ്‍ലൈന്‍ മീറ്റിംഗിനിടെ വനിത സഖാക്കള്‍ ഇട്ട കമന്റുകള്‍ നാണക്കേട് ഉണ്ടാക്കിയതോടെ പേജ് അഡ്മിന്മാര്‍ കമന്റുകള്‍ നീക്കം ചെയ്തു. എന്നാല്‍ ഇതിനിടെ കമന്റുകള്‍ക്ക് വ്യാപക പ്രചാരം ലഭിക്കുകയും സമൂഹ മാദ്ധ്യമങ്ങള്‍ വഴി സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുകയുമായിരുന്നു.
ഇടതുപക്ഷ കേരളം സുരക്ഷിത കേരളം നവംബര്‍ ഒന്നിന്, വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയാണോ ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയാണോ ഉത്ഘാടനം ചെയ്യുന്നത്’ എന്നായിരുന്നു ആദ്യ കമന്റ്. പിന്നീട് ഇടതു ഭരണത്തില്‍ സ്ത്രീത്വത്തെ അപമാനിച്ച യുട്യൂബറെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി അടക്കം ഒളിവില്‍ കഴിയുമ്പോള്‍ ഇങ്ങനെ ഒരു പരിപാടി നടത്തുന്നത് ജനങ്ങള്‍ പുച്ഛിച്ചു തള്ളും എന്നും മറ്റൊരു കമന്റ് വന്നു.
വനിതാ മതിലും രാത്രി നടത്തവും ഒന്നും കൊണ്ട് കേരളത്തില്‍ ഒരു സ്ത്രീയും സുരക്ഷിതരല്ലെന്നുമൊക്കെ കമന്റുകള്‍ വരാന്‍ തുടങ്ങിയതോടെ സംഘാടകര്‍ പുലിവാല് പിടിച്ച അവസ്ഥയിലായി. അതിനിടെ കമന്റിന് മറുപടിയുമായി ചില സഖാക്കള്‍ എത്തിയതോടെ അടി മൂത്തു. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം, ജനാധിപത്യ കേരള കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുളള വനിത സഖാക്കളാണ് പ്രശ്നങ്ങള്‍ക്ക് പിന്നിലെന്നാണ് വലിയ കക്ഷികളിലെ സഖാക്കള്‍ പറയുന്നത്.
ജനതാദള്‍ സെക്യുലറില്‍ നിന്ന് പങ്കെടുക്കേണ്ടിയിരുന്ന മുന്‍ എം.എല്‍.എ പരിപാടിയില്‍ നിന്ന് വിട്ടു നിന്നതോടെ ഓണ്‍ലൈന്‍ മീറ്റിംഗ് പെട്ടന്ന് അവസാനിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. സി.പി.എമ്മിലെ മുന്‍ വനിത എം.പിയും സി.പി.ഐ പ്രതിനിധിയും ഒഴികെ വലിയ കക്ഷികളിലെ പ്രതിനിധികള്‍ ആരും പങ്കെടുക്കാത്തതിനാലാണ് യോഗം വേഗം അവസാനിപ്പിച്ചത് എന്നാണ് വിശദീകരണം. എന്തായാലും ഇടതു വനിതാ സംഘടനകള്‍ക്ക് ഉളളില്‍ നിന്ന് തന്നെ വനിതകള്‍ സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷയെ വിമര്‍ശിച്ചത് സമൂഹ മാദ്ധ്യമങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ആഘോഷമാക്കിയിരിക്കുകയാണ്.