ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നതായി പ്രിൻസിപ്പൽ; അശ്ലീലച്ചുവയുള്ള കത്ത്,ഓഫീസിൽ കടന്നുപിടിക്കും

ബെംഗളൂരു: ആറുവർഷമായി ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നതായി സ്ത്രീയുടെ പരാതി. ബെംഗളൂരുവിലെ സ്‌കൂളിൽ പ്രിൻസിപ്പലായ സ്ത്രീയാണ് ഭർതൃപിതാവിനെതിരേ പോലീസിന് പരാതി നൽകിയത്.

ഭർത്താവിനും മൂന്നുമക്കൾക്കും ഒപ്പമാണ് പരാതിക്കാരി താമസിക്കുന്നത്. ഭർതൃപിതാവ് പരാതിക്കാരി ജോലിചെയ്യുന്ന സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ്. വിവാഹം കഴിഞ്ഞ ആദ്യവർഷങ്ങളിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സ്ത്രീ പറയുന്നത്. എന്നാൽ, 2020 മുതലാണ് ഭർതൃപിതാവിൽനിന്ന് ഉപദ്രവം ആരംഭിച്ചതെന്നും പരാതിക്കാരി പറഞ്ഞു.

ഒരേ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലെ രണ്ടുഭാഗങ്ങളിലായാണ് പരാതിക്കാരിയുടെ കുടുംബവും പ്രതിയും താമസിച്ചിരുന്നത്. വീട്ടിൽ ആളില്ലാത്ത സമയത്ത് ഭർതൃപിതാവ് ഇവിടേക്ക് വരികയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് ആരോപണം. സംഭവം പുറത്തുപറഞ്ഞാൽ കുട്ടികളെ അപായപ്പെടുത്തുമെന്ന് ഭർതൃപിതാവ് ഭീഷണിപ്പെടുത്തി. ഇതോടെ ഭയംകാരണം ആദ്യം സംഭവം പുറത്തുപറഞ്ഞില്ല. എന്നാൽ, ഉപദ്രവം തുടർന്നതോടെ ഭർത്താവിനെ വിവരമറിയിച്ചു. തുടർന്ന് കുടുംബത്തിലെ മുതിർന്നവർ പ്രശ്‌നത്തിൽ ഇടപെട്ട് ഭർതൃപിതാവിനെ താക്കീത്‌ചെയ്തു. ഇതോടെ ഉപദ്രവം താത്കാലികമായി അവസാനിച്ചെങ്കിലും പിന്നീട് മറ്റിടങ്ങളിൽവെച്ച് പീഡനം തുടർന്നതായും പരാതിയിൽ പറയുന്നു.

സ്‌കൂളിലെ ഓഫീസ് മുറിയിൽവെച്ചും അപ്പാർട്ട്‌മെന്റിലെ ലിഫ്റ്റിന് സമീപത്തുവെച്ചും ഭർതൃപിതാവ് വീണ്ടും ഉപദ്രവിച്ചതായാണ് പരാതിക്കാരിയുടെ ആരോപണം. അശ്ലീലച്ചുവയുള്ള കത്തുകൾ നൽകിയിരുന്നതായും ഇത് ഉറക്കെ വായിച്ചുകേൾപ്പിച്ചതായും പരാതിയിൽ പറയുന്നു. 2025 ഡിസംബർ 15-ന് രാവിലെ അപ്പാർട്ട്‌മെന്റിലെ ലിഫ്റ്റിന് സമീപത്തുവെച്ച് വീണ്ടും ഉപദ്രവിക്കാൻ ശ്രമമുണ്ടായി. എതിർത്തതോടെ ശാരീരികമായി ആക്രമിച്ചെന്നും പരാതിക്കാരി പറഞ്ഞു.

സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംസ്ഥാന വനിതാ കമ്മിഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News