ആരുമില്ലാത്ത നേരത്ത് പീഡിപ്പിക്കാന്‍ ശ്രമം; കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി, ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍

തൃശൂര്‍: പീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍. തൃശൂര്‍ തിരുവമ്പാടി ശാന്തിനഗര്‍ ശ്രീനന്ദനത്തില്‍ നവീന്‍ (40) ആണ് അറസ്റ്റിലായത്. 2020 സെപ്റ്റംബറിലാണ് ഷൊര്‍ണൂര്‍ റോഡിനു സമീപം ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

യുവതിയുടെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു നവീന്‍. ഭര്‍ത്താവും നവീനും വീട്ടില്‍ ഒരുമിച്ചു മദ്യപിക്കാറുണ്ടായിരുന്നതായി ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. ആരുമില്ലാത്ത സമയത്തു വീട്ടിലെത്തിയ നവീന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായ യുവതി ജീവനൊടുക്കുകയായിരുന്നു.

നവീനാണ് മരണത്തിന് ഉത്തരവാദിയെന്ന് യുവതി ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ഡയറിയില്‍ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്.നവീന്റെ ഇരകളില്‍ ഒരാള്‍ മാത്രമായിരുന്നു താനെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും കുറിപ്പിലുണ്ട്. നവീന്റെ ആദ്യഭാര്യ ജീവനൊടുക്കിയിരുന്നു.

രണ്ടാം ഭാര്യയുമായി വിവാഹമോചനം നടത്തിയിരുന്നെന്നും പോലീസ് പറഞ്ഞു. പോലീസിനു പരാതി നല്‍കി ഒരു വര്‍ഷം കാത്തിരുന്നിട്ടും നടപടി ഉണ്ടായില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും യുവതിയുടെ ബന്ധുക്കള്‍ കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News