വന്ദേഭാരതിൽനിന്ന് ഭക്ഷണം കഴിച്ചു,അലർജിയെ തുടർന്ന് ചുണ്ടുകൾ വീർത്തു; കുറിപ്പുമായി യുവതി

വന്ദേഭാരതിൽനിന്ന് ഭക്ഷണം കഴിച്ചു,അലർജിയെ തുടർന്ന് ചുണ്ടുകൾ വീർത്തു; കുറിപ്പുമായി യുവതി

ന്യൂഡൽഹി: വന്ദേ ഭാരത് എക്‌സ്പ്രസിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഗുരുതരമായ അലർജിയുണ്ടായെന്നും മകന് വയറിളക്കം ബാധിച്ചുവെന്നും യുവതി. മാർച്ച് 27-ന് വാരണാസിയിൽനിന്ന് ദിയോഗറിലേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസിലാണ് യുവതി യാത്ര ചെയ്തത്. E1 കോച്ചിലായിരുന്ന തനിക്ക് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് അലർജിയുണ്ടായതെന്നും അയുഷി സിങ്ങ് എന്ന യുവതി എക്‌സിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

തന്റെ രണ്ട് വയസുള്ള മകനും ഇതേ ഭക്ഷണമാണ് കഴിച്ചതെന്നും അവന് വയറിളക്കമുണ്ടായെന്നും യുവതി വീഡിയോയിൽ പറയുന്നു. അലർജി കാരണം ചുണ്ടുകൾ തടിച്ചുവീർത്തതിന്റേയും മെഡിക്കൽ റിപ്പോർട്ടുകളുടേയും ചിത്രങ്ങളും അവർ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. ചികിത്സ വൈകിയിരുന്നെങ്കിൽ തന്റെ ജീവന് തന്നെ ഭീഷണിയാകുമായിരുന്നുവെന്നും ഐആർസിടിസിയേയും ഇന്ത്യൻ റെയിൽവേയും ടാഗ് ചെയ്തുള്ള കുറിപ്പിൽ അവർ പറയുന്നു.

ഇതിന് പ്രതികരണവുമായി ഐആർസിടിസിയും രംഗത്തെത്തി. ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിച്ചുവെന്നും അതിന് പ്രശ്‌നങ്ങളില്ലെന്നും ഐആർസിടിസി വ്യക്തമാക്കി. അതേ ദിവസം ട്രെയ്‌നിലെ മറ്റ് യാത്രക്കാരും അതേ ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും അവർക്ക് ആർക്കും പ്രശ്‌നങ്ങളുണ്ടായതായി മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഈ മറുപടിയിൽ നിരാശയായ യുവതി മറ്റാർക്കും അസുഖം വരാത്തതിൽ സന്തോഷമുണ്ടെന്നും എന്നാൽ തനിക്കും മകനും പ്രശ്‌നങ്ങളുണ്ടായെന്നും അവർ കുറിച്ചു. അന്ന് പ്രഭാത ഭക്ഷണം പോലും വീട്ടിൽ നിന്ന് കഴിച്ചിട്ടില്ലെന്നും എന്തെങ്കിലും കഴിച്ചിട്ടുണ്ടെങ്കിൽ അത് വന്ദേഭാരതിൽ നിന്ന് മാത്രമായിരുന്നുവെന്നും യുവതി കൂട്ടിച്ചേർത്തു. ദുരിതം അനുഭവിച്ചത് തങ്ങളാണെന്നും അത് നിങ്ങൾക്ക് പ്രശ്‌നമല്ലല്ലോയെന്നും അവർ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News