ചെങ്ങന്നൂര്‍: ക്ഷേത്ര പൂജാരിയെ ബിയര്‍ നല്‍കി മയക്കിക്കിടത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. എറണാകുളം കുണ്ടന്നൂര്‍ ദേവീക്ഷേത്രത്തിലെ പൂജാരി ചേര്‍ത്തല തുറവൂര്‍ സ്വദേശി വിവേകി(26)ന്റെ സ്വര്‍ണാഭരണങ്ങളാണു കവര്‍ന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിയായ യുവതിയാണു തട്ടിപ്പ് നടത്തിയതെന്ന് കരുതുന്നു.
വിവേകിന്റെ ജൂനിയറായി സ്‌കൂളില്‍ പഠിച്ചതാണെന്നും കാണാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞാണു യുവതി ഫേസ്ബുക്കിലൂടെ ചാറ്റിങ് നടത്തിയത്. അമ്മ ചെങ്ങന്നൂര്‍ ആശുപത്രിയില്‍ രോഗക്കിടക്കയിലാണെന്നും ചെങ്ങന്നൂരില്‍ എത്തിയാല്‍ കാണണമെന്നും യുവതി പറഞ്ഞു.
തുടര്‍ന്ന് 18 ന് ഉച്ചയോടെ വിവേക് ആശുപത്രിയില്‍ എത്തി. യുവതി നേരത്തെ ജില്ലാ ആശുപത്രിക്കു സമീപമുള്ള ലോഡ്ജില്‍ ആണ്‍ സുഹൃത്തിനൊപ്പം മുറിയെടുത്തിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിവേക് യുവതിയുടെ ക്ഷണം സ്വീകരിച്ച് മുറിയിലെത്തിയത്.
ഈ സമയം സുഹൃത്ത് പുറത്ത് പോയിരിക്കുകയായിരുന്നു. സൗഹൃദ സംഭാഷണങ്ങള്‍ക്ക് ശേഷം യുവതി കുടിക്കാനായി തണുത്ത ബിയര്‍ നല്‍കി. ബിയര്‍ കുടിക്കും മുമ്പ് യുവാവ് ശുചിമുറിയില്‍ പോയിരുന്നു. തിരികെ വന്നപ്പോള്‍ ഗ്ലാസിലെ ബിയറില്‍ അസാധാരണമാംവിധം പത കാണപ്പെട്ടുവത്രേ.
എന്നാല്‍ യുവതി അനുനയിപ്പിച്ച് ബിയര്‍ കുടിപ്പിച്ചു. തുടര്‍ന്ന് മയങ്ങിപ്പോയ വിവേക് പിറ്റേന്ന് രാവിലെ എട്ടരയോടെയാണ് ഉണര്‍ന്നത്. മൂന്നു പവന്റെ മാല, ഒന്നര പവന്റെ കൈചെയിന്‍, ഒരു പവന്റെ മോതിരം, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. ഫോറന്‍സിക് വിഭാഗം തെളിവുകള്‍ ശേഖരിച്ചു.