CrimeFeaturedHome-banner

വസ്ത്രത്തിലൊളിപ്പിച്ച് 1.17 കോടി രൂപയുടെ സ്വർണം കടത്തി; യുവതി പിടിയിൽ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.17 കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. കുന്നമംഗലം സ്വദേശി ഷബ്‌നയാണ് അറസ്റ്റിലായത്. ജിദ്ദയില്‍നിന്നെത്തിയ ഇവര്‍ വസ്ത്രത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവേയാണ് പിടിയിലായത്.

ചൊവ്വാഴ്ച 6.30-ന് ജിദ്ദയിൽനിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഷബ്‌ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. വസ്ത്രത്തിനുള്ളില്‍ മിശ്രിതരൂപത്തിലാണ് ഇവര്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 1884 ഗ്രാം സ്വര്‍ണമാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇവര്‍ വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും പോലീസ് പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

സ്വര്‍ണക്കടത്തിനേക്കുറിച്ച് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷബ്‌നയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മണിക്കൂറുകളോളം ചോദ്യംചെയ്തിട്ടും തന്റെ പക്കല്‍ സ്വര്‍ണം ഉള്ളതായി ഇവര്‍ സമ്മതിച്ചില്ല. ലഗേജുകളും വസ്ത്രങ്ങളും പരിശോധിക്കുകയും ശരീരപരിശോധന നടത്തുകയും ചെയ്‌തെങ്കിലും ആദ്യം ഇവരില്‍ നിന്ന് സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് പോലീസ് ഇവരുടെ വാഹനം പരിശോധിച്ചപ്പോഴാണ് ഡോര്‍ പോക്കറ്റില്‍നിന്ന് സ്വര്‍ണമിശ്രിതം ലഭിച്ചത്.

വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങിയ ഷബ്‌ന, പുറത്ത് പോലീസ് ഉണ്ടെന്ന് മനസ്സിലാക്കി കൈവശമുണ്ടായിരുന്ന സ്വര്‍ണം ഹാന്‍ഡ് ബാഗിലേക്ക് മാറ്റുകയും പിന്നീട് കാറിന്റെ ഡോര്‍ പോക്കറ്റില്‍ ബാഗ് നിക്ഷേപിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഇവര്‍ പോലീസിന്റെ ചോദ്യംചെയ്യലിനോട് സഹകരിച്ചത്. ഇത് മനസ്സിലാക്കിയ പോലീസ് വാഹനം പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

പിടിച്ചെടുത്ത സ്വര്‍ണ്ണം പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. ഈ വര്‍ഷം കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 17-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. ഇതിനോടകം 107 സ്വര്‍ണ്ണക്കടത്തും ഏഴ് സ്വര്‍ണ്ണ കവര്‍ച്ചാ സംഘങ്ങളേയും പോലീസ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പുറത്തുവെച്ച് പിടികൂടിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button