തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒരു വര്‍ഷം മുമ്പ് നടന്ന 14കാരിയുടെ മരണത്തിലെ ദുരുഹത നീങ്ങി. അയല്‍വാസിയെ കൊലപ്പെടുത്തി മൃതദേഹം തട്ടിന്‍പുറത്ത് വച്ച കേസിലെ പ്രതികളായ അമ്മയും മകനുമായ റഫീക്കാ ബീവി, മകന്‍ ഷഫീഖ് എന്നിവരാണ് ഈ കൊലപാതകവും നടത്തിയത്. മകന്‍ കാരണം ഒരു പെണ്ണ് ചത്തുവെന്ന് റഫീഖ ഒരിക്കല്‍ പറഞ്ഞിരുന്നതായി സാക്ഷി മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്.
മകന്‍ പീഡിപ്പിച്ച വിവരം പുറത്ത് പറയാതിരിക്കാനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് റഫീഖ പോലീസിന് നല്‍കിയ മൊഴി. കഴിഞ്ഞ ദിവസം ശാന്തകുമാരിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അതേ ചുറ്റിക കൊണ്ടാണ് പെണ്‍കുട്ടിയുടെ തലയ്ക്ക് അടിച്ചതെന്നും റഫീഖ പോലീസിനോടു പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള വാടക വീട്ടില്‍ റഫീഖ ബീവിയും മകനും രണ്ടു വര്‍ഷത്തോളം താമസിച്ചിരുന്നു.
കഴിഞ്ഞ ജനുവരി 13നാണ് പെണ്‍കുട്ടിയെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ മുന്നില്‍ നിന്നത് റഫീഖ ബീവിയായിരുന്നു. പക്ഷെ പെണ്‍കുട്ടി മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 30ല്‍ അധികം പേരെ അന്ന് പോലീസ് ചോദ്യം ചെയ്തിരുന്നു. പക്ഷെ കേസില്‍ തുമ്പൊന്നും ലഭിച്ചിരുന്നില്ല. മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വീണ്ടും നടന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലം മാറിപ്പോയത് കേസിനെ കാര്യമായി ബാധിച്ചിരുന്നു.
മരിക്കുന്നതിന് തലേന്ന് രാത്രിയില്‍ കുട്ടി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കൂടാതെ അന്ന് തന്നെ കുട്ടി സമീപവീടുകളില്‍ ചെന്നിരുന്നതായി പ്രദേശവാസികളും മൊഴി നല്‍കിയിരുന്നു. ഇതിനിടയില്‍ ഇവിടെ നിന്നും റഫീഖാ ബീവിയും മകനും വീട് മാറി പോവുകയായിരുന്നു. കഴിഞ്ഞ ദിവസം മുല്ലൂര്‍ ശാന്താസദനത്തില്‍ ശാന്തകുമാരി (75) യുടെ മൃതദേഹമാണ് സമീപത്തെ വീടിന്റെ തട്ടിന്‍പുറത്ത് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ശാന്തകുമാരിയുടെ അയല്‍പക്കത്ത് വാടകയ്ക്ക് താമസിച്ചിരുന്നു റഫീക്കാ ബീവി(50), മകന്‍ ഷഫീഖ്(23), സുഹൃത്ത് അല്‍ അമീന്‍(26) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ശനിയാഴ്ച രാവിലെയാണ് വീടിന്റെ തട്ട് പൊളിച്ച് പോലീസ് മൃതദേഹം പുറത്തെടുത്തത്. വെള്ളിയാഴ്ച രാവിലെ എട്ടിനും പത്തിനുമിടയ്ക്കാണ് ശാന്തകുമാരി കൊലചെയ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കോവളം തീരത്ത് ജോലിക്കെത്തിയ അല്‍അമീന്‍ ഷഫീഖുമായി സൗഹൃദത്തില്‍ ആകുകയും തുടര്‍ന്ന് റഫീഖയെ പരിചയപ്പെടുകയും ഇവര്‍ക്ക് ഒപ്പം മുല്ലൂരില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ഒരാഴ്ച മുന്‍പ് റഫീഖയും അല്‍അമീനും തമ്മില്‍ വഴക്കിടുകയും തുടര്‍ന്ന് വീടിന്റെ വാതിലും മറ്റും കേടുപാടുകള്‍ വരുത്തിയിരുന്നു. ഇതോടെ വീട്ടുടമ ഇവരോട് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു. വീട് ഒഴിയുന്നതിന് മുന്നോടിയായി വീട്ടിലുണ്ടായിരുന്ന പാത്രങ്ങള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കൊല്ലപ്പെട്ട ശാന്തകുമാരിക്ക് റഫീഖ വിറ്റിരുന്നു. ഇതിന്റെ കാശ് കൊടുക്കാന്‍ വീട്ടില്‍ എത്തിയ ശാന്തകുമാരിയെ പ്രതികള്‍ കഴുത്തില്‍ ഷാള്‍ മുറുക്കി തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന ഏഴു പവനോളം ആഭരണങ്ങള്‍ പ്രതികള്‍ കൈക്കലാക്കി. പിന്നീട് മൃതദേഹം തട്ടിന്‍പുറത്ത് ഒളിപ്പിക്കുകയായിരുന്നു.
കൊലപാതകം നടന്ന വീടിന്റെ സമീപത്ത് പിഎസ്സി കോച്ചിംഗിനെത്തിയ വിദ്യാര്‍ഥിയാണ് വീടിന്റെ വാതിലില്‍ താക്കോല്‍ ഇരിക്കുന്നത് കണ്ട് സംശയം പരിശോധിച്ചപ്പോള്‍ രക്തത്തുള്ളികള്‍ കണ്ടു. ഇതോടെ സമീപവാസികളെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശാന്തകുമാരിയുടെ ഭര്‍ത്താവ് നാഗപ്പന്‍ 35 വര്‍ഷം മുന്പ് മരിച്ചുപോയിരുന്നു. പട്ടാമ്പിയിലേക്കു പോകുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്.