യുവതി ഓവര്‍ടേക്ക് ചെയ്തത് ഇഷ്ടമായില്ല, പിന്നാലെ ചെന്ന് കമന്റ് അടിക്കുകയും തോളില്‍ പിടിച്ചു തള്ളുകയും ചെയ്തു; ബൈക്ക് മറിഞ്ഞ് യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

തിരുവല്ല: പിന്നാലെ സ്‌കൂട്ടറില്‍ വന്ന യുവതി തന്റെ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തു പോയത് ഇഷ്ടപ്പെടാതെ വന്ന യുവാവ് പിന്നാലെ ചെന്ന് കമന്റടിച്ചു. അതു കൊണ്ടും അരിശം തീരാതെ യുവതിയെ തള്ളി വീഴ്ത്താനും ശ്രമിച്ചു. ഇതിനിടെ ബാലന്‍സ് തെറ്റി വീണ യുവാവിന്റെ ബൈക്ക് ചെന്നിടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് യുവതിക്കും ഗുരുതര പരുക്ക്. കുന്നന്താനം പാമല വേങ്ങമൂട്ടില്‍ മിനി (സാം 47), കുന്നന്താനം കോട്ടപ്പടി സരിത ഭവനം ജയകൃഷ്ണന്‍ (18) എന്നിവര്‍ക്കാണ് പരുക്ക്.

ഇന്നലെ വൈകിട്ട് കുന്നന്താനം – തിരുവല്ല റോഡില്‍ പാമലയില്‍ വച്ചാണ് സംഭവം. തിരുവല്ലയില്‍ നിന്നും കുന്നന്താനത്തേക്ക് വരികയായിരുന്ന മിനി തൊട്ടു മുന്നില്‍ പോയ ജയകൃഷ്ണന്റെ ബൈക്ക് ഓവര്‍ടേക്ക് ചെയ്തു പോയി. ഇത് ഇഷ്ടപ്പെടാതെ വന്ന ജയകൃഷ്ണന്‍ വേഗം കൂട്ടി മിനിയുടെ സ്‌കൂട്ടറിന് ഒപ്പമെത്തുകയും കമന്റടിക്കുകയും ചെയ്തു. തുടര്‍ന്ന് ബൈക്കില്‍ ഇരുന്നു കൊണ്ടു തന്നെ ഇയാള്‍ മിനിയുടെ തോളില്‍ പിടിച്ചു തള്ളാന്‍ ശ്രമിച്ചു.

ഇതിനിടെ ബാലന്‍സ് നഷ്ടമായ ജയകൃഷ്ണന്റെ ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു. നിരങ്ങിപ്പോയ ബൈക്ക് ചെന്നിടിച്ച് മിനിയുടെ സ്‌കൂട്ടറും മറിയുകയായിരുന്നു. ചെവികള്‍ക്കും കൈക്കും കാലിനു മുറിവുള്ള മിനിയെ ആദ്യം മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവല്ല പുഷ്പഗിരിയിലും പ്രവേശിപ്പിച്ചു. തലക്കും ശരീരത്തും സാരമായി പരുക്കേറ്റ ജയകൃഷ്ണന്‍ തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

മിനി സാം കുന്നന്താനത്ത് തയ്യല്‍ കട നടത്തുന്നു. ജയകൃഷ്ണന്‍ പാലക്കാട്ട് വയറിങ് തൊഴിലാളിയാണ്. ഇന്നലെ നാട്ടില്‍ വന്നപ്പോഴാണ് സംഭവം. ഇരുവരും തമ്മില്‍ മുന്‍ പരിചയമോ വിരോധമോ ഇല്ലെന്ന് കീഴ്വായ്പൂര്‍ പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News