ദമ്പതികളെന്ന് വിശ്വസിപ്പിച്ച് വീടെടുത്തു, വീട്ടിൽ താമസിച്ച് എംഡിഎംഎ വിൽപ്പന, യുവതിയും യുവാവും അറസ്റ്റിൽ

എറണാകുളം: വാഴക്കാല തോപ്പിൽ ഭാഗത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ച് എംഡിഎംഎ വിൽപ്പന നടത്തി വന്ന യുവതിയേയും യുവാവിനേയും തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി ഷംസീർ, പത്തനംതിട്ട സ്വദേശി പിൽജ എന്നിവരെയാണ് 12.9 ഗ്രാം എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തത്

. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശശിധരൻ ഐ പിഎസ്ന്റെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി ഷാഡോ പോലീസും തൃക്കാക്കര പോലീസും ചേർന്ന് വീട്ടിൽ പരിശോധന നടത്തിയാണ് ഇവർ താമസിച്ച വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്.

പ്രതികൾ ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു വരികയായിരുന്നു. ന്യൂജൻ ബൈക്കുകളിലും മറ്റുമായി നിരവധി ചെറുപ്പക്കാർ രാത്രിസമയങ്ങളിൽ എത്തുന്നതായി പോലീസിന് രഹസ്യവിവരം കിട്ടി യതിനാൽ പോലീസ് വീട് നിരീക്ഷിച്ചു വരികയായിരുന്നു.

ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്ന് മയക്കമരുന്ന് കൊണ്ടുവന്ന് പ്രതികൾ ചെറിയ പാക്കറ്റുകളാക്കി വിൽപ്പന നടത്തി വരികയായിരുന്നു ഇവർ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News