കൊല്ലം: കുണ്ടറ പീഡന പരാതിയില്‍ വനംമന്ത്രി എ.കെ ശശീന്ദ്രനെതിരെ ഇരയായ യുവതിയുടെ മൊഴി. ഒന്നര മണിക്കൂറോളം സമയമെടുത്താണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. കടയിലേക്ക് വിളിച്ചുവരുത്തി എന്‍.സി.പി നേതാവ് അപമാനിച്ചതിനെക്കുറിച്ചും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പ്രചാരണം നടത്തിയതിനെക്കുറിച്ചും മൊഴിയെടുത്തു.
പീഡന കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണ് മന്ത്രി ഇടപെട്ടത്. ഇത് പീഡനക്കേസിലെ പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്. അതുകൊണ്ട് തന്നെ കേസില്‍ മന്ത്രിയും കുറ്റക്കാരനാണെന്നും മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
ആരോപണ വിധേയനായ ജി. പത്മാകരന്‍, കുണ്ടറ സ്വദേശിയായ രാജീവ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പത്മാകരന്‍ തന്റെ കൈയില്‍ കയറി പിടിച്ചെന്നും വാട്‌സാപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. പരാതിക്ക് ശേഷം 24-ാം ദിവസമാണ് പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നത്.
പത്മാകരന്‍ നടത്തുന്ന ഹോട്ടലിലെത്തിയ തന്നെ കൈയ്ക്ക് പിടിച്ചുവലിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതി കുണ്ടറ പോലീസ് സ്റ്റേഷനില്‍ ജൂണ്‍ 27 ന് നല്‍കിയ പരാതി. പരാതി നല്‍കിയതിനു ശേഷം പലതവണ സ്ത്രീ പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും എഫ്‌ഐആര്‍ ഇടുകയോ മൊഴിയെടുക്കുകയൊ ചെയ്തിരുന്നില്ല.
പരാതിയില്‍ പറയുന്ന സംഭവങ്ങള്‍ നടന്ന സമയത്തെ പറ്റി വ്യക്തതയില്ലെന്ന കാരണം പറഞ്ഞാണ് പോലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്. എന്നാല്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ കേസിലെ ഇടപെടല്‍ പുറത്തു വന്നതോടെ പോലീസ് ചൊവ്വാഴ്ച കേസെടുക്കുകയായിരുന്നു. ലോട്ടറിവില്പന നടത്തുന്ന സ്ത്രീ കുണ്ടറ പെരുമ്പുഴയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.