InternationalNews

‘മൂന്ന് ദിവസമായി മകളും കുട്ടിയും തെരുവിലാണ് കഴിയുന്നത്’: ആളുകള്‍ക്ക് കുടിക്കാന്‍ വെള്ളമില്ലെന്ന് ഒരമ്മ

കാബൂള്‍: താലിബാന്റെ കൈകളില്‍ നിന്ന് രക്ഷപ്പെടാനായി ജീവനും കൈയില്‍ പിടിച്ച്‌ നെട്ടോട്ടമോടുകയാണ് അഫ്ഗാന്‍ ജനത. പാലായനം ചെയ്യാനായി സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിനാളുകളാണ് വിമാനത്താവളങ്ങളിലും പരിസരങ്ങളിലും കാത്തിരിക്കുന്നത്. ‘മൂന്ന് ദിവസമായി മകളും കുട്ടിയും തെരുവിലാണ് കഴിയുന്നതെന്ന് പറയാം’- ഇന്ത്യയിലുള്ള യുവതിയുടെ അമ്മ ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു. മുപ്പത്തിരണ്ടുകാരിയായ യുവതി അഫ്ഗാന്‍ സ്വദേശിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. രണ്ട് വയസുള്ള കുഞ്ഞുണ്ട്.

‘ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ചാണ് ലഗേജുകളൊന്നുമില്ലാതെ അവര്‍ വിമാനത്താവളത്തിന് സമീപമുള്ള വിവാഹ ഹാളിലെത്തിച്ചേര്‍ന്നത്. പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ വിമാനത്താവളത്തിലേക്ക് പോകാന്‍ ബസില്‍ കയറ്റി. പിറ്റേന്ന് രാവിലെ വരെ അവര്‍ ബസിനുള്ളില്‍ കഴിച്ചു കൂട്ടി. അപ്പോള്‍ അവിടെയെത്തിയ താലിബാന്‍ സംഘം അവരില്‍ നിന്ന് 150 ഓളം പേരെ പിടിച്ചുകൊണ്ടുപോയി. പിന്നീട് വിട്ടയച്ചു’- അവര്‍ പറഞ്ഞു.

‘മകളെയും പേരക്കുട്ടിയേയും താലിബാന്‍ സംഘം പിടിച്ചുകൊണ്ടുപോയില്ലെങ്കിലും അവര്‍ സംഭവത്തിന്റെ ഞെട്ടലിലാണ്. കുഞ്ഞിന് കുടിക്കാന്‍ പാലില്ല, ആളുകള്‍ക്ക് കുടിക്കാന്‍ വെള്ളമില്ല.ഏകദേശം മുന്നൂറോളം പേര്‍ ആ ഹാളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.’- അവര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button