കോട്ടയം: വിൻവിൻ ഭാഗ്യക്കുറിയുടെ(Win Win Lottery) ഒന്നാം സമ്മാനം കോട്ടയം സ്വദേശിയായ കൂലിപ്പണിക്കാരന്(Lottery Winner). തിങ്കളാഴ്ച നറുക്കെടുത്ത ഭാഗ്യക്കുറിയുടെ ഡബ്ല്യു.എക്‌സ്. 358520 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം ലഭിച്ചത്. നിനച്ചിരിക്കാതെ ലഭിച്ച ഭാഗ്യത്തിന്റെ അമ്പരപ്പിലാണ് മേച്ചേരിത്തറ മധു എന്ന ഗോപി.
വീട്ടിലെ ദുരിതം തീർക്കാൻ പകലന്തിയോളം പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന ആളാണ് മധു. തൃക്കൊടിത്താനം കോട്ടമുറിയിലെ മാജിക്ക് ലക്കിസെന്ററിൽ നിന്നുമാണ് സമ്മാനാർഹമായ ടിക്കറ്റ് അദ്ദേഹം വാങ്ങിയത്. തലേദിവസം പണി കഴിഞ്ഞു വരവേയാണ് മധു ലോട്ടറി വാങ്ങുന്നത്. പിറ്റേദിസം മൂന്ന് മണിയോടെ ഫലം വന്നപ്പോൾ മധു എടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുക ആയിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് തൃക്കൊടിത്താനം സർവീസ് സഹകരണ ബാങ്കിൽ ഏൽപിച്ചു.
എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് വിൻ വിൻ ലോട്ടറി. 40 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.
5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ(karunya lottery) ഒന്നാം സമ്മാനം ഓട്ടോ ഡ്രൈവർക്ക്. കോതമംഗലം കുട്ടംപുഴ സ്വദേശിയായ ടി.ആർ. ഹുസൈനെ തേടിയാണ് 80 ലക്ഷത്തിന്റെ ഭാഗ്യം എത്തിയത്. ഒന്നാം സമ്മാനത്തിനൊപ്പം 8,000 രൂപ വീതമുള്ള നാല് സമാശ്വാസ സമ്മാനങ്ങളും ഹുസൈന് തന്നെ ലഭിച്ചു.
പി.ഡബ്ല്യു. 749886 നമ്പർ ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനം. കുട്ടംപുഴ പ്ലാത്തിക്കാട് രാജനിൽ നിന്ന് വാങ്ങിയ ഭാഗ്യക്കുറികളാണ് സമ്മാനാർഹമായത്. വല്ലപ്പോഴും ലോട്ടറി എടുക്കുന്നയാഴാണ് നാല്പത്തി രണ്ടുകാരനായ ഹുസൈൻ. പ്രായമായ മാതാപിതാക്കളടക്കമുള്ള ആറംഗ കുടുംബത്തിന്റെ ഏക അത്താണിയാണ് ഹുസൈൻ. ഓട്ടോ മാത്രമാണ് ഇദ്ദേഹത്തിന്റെ ഏക വരുമാന മാർഗം.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഓടുമേഞ്ഞ ഹുസൈന്റെ വീടിന്റെ മുൻഭാഗം മഴയിൽ ഇടിഞ്ഞുവീണിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ താത്കാലിക പണികളും ചെയ്തു. ഈ സംഭവം നടന്ന് നാല് മാസത്തിനു ശേഷമാണ് ഹുസൈനെ തേടി ഭാഗ്യമെത്തിയിരിക്കുന്നത്. കടങ്ങൾ തീർത്ത് പുതിയൊരു വീടുവയ്ക്കണമെന്നതാണ് തന്റെ സ്വപ്നമെന്ന് ഹുസൈൻ പറയുന്നു.