വിംബിള്‍ഡണ്‍ ടെന്നീസ് താരങ്ങളുടെ ഡ്രസ് കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. മത്സര നിയമപ്രകാരം വെളുത്ത വസ്ത്രങ്ങളാണ് മത്സരത്തിനിറങ്ങുമ്ബോള്‍ കളിക്കാര്‍ ധരിക്കേണ്ടത്.
പീരിഡ്സ് ആയിരിക്കുന്ന വനിതാ താരങ്ങള്‍ക്ക് ഇത് അപ്രായോഗിക വസ്ത്രമാണെന്നാണ് താരങ്ങള്‍ വെളിപ്പെടുത്തുന്നത്. ആര്‍ത്തവ സമയങ്ങളിലെ ശാരീരിക – മാനസിക വെല്ലുവിളികള്‍ക്ക് പുറമേ ഇത്തരം വസ്ത്രങ്ങളില്‍ ആര്‍ത്തവ രക്തം പടരുന്നത് ലോകം കാണുമോ എന്ന ആശങ്കയും ചേര്‍ന്ന് മാത്രമേ കളിക്കളത്തില്‍ ഇറങ്ങാന്‍ കഴിയൂ എന്നാണ് താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ചൈനീസ് താരം ക്യുന്‍വെന്‍ സാങാണ് ഈ ചര്‍ച്ചക്ക് തിരികൊളുത്തിയത്. ഫ്രഞ്ച് ഓപ്പണില്‍ ഇഗാ സ്വിയാറ്റെകുമായുള്ള മത്സരത്തിന് ശേഷം തന്റെ പ്രകടനം മോശമാകാന്‍ കാരണം ആര്‍ത്തവസമയത്തെ വേദനയായിരുന്നെന്ന് ക്യുന്‍വെന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിംബിള്‍ഡണിലെ വെള്ള വസ്ത്രവും ചര്‍ച്ചയായി.
വിംബിള്‍ഡണ്‍ കോര്‍ട്ടിലെ വെളുത്ത വസ്ത്രങ്ങള്‍ക്കു പിന്നില്‍ പാരമ്ബര്യം മാത്രമാണ് കാരണമായിട്ടുള്ളത്. ഇതു പുരുഷന്‍മാരെ കൂടി ബാധിക്കുന്ന ഒരു പാരമ്ബര്യമായിരുന്നെങ്കില്‍ ഇപ്പോള്‍ അതു നിലനില്‍ക്കില്ലായിരുന്നെന്നും ടെന്നീസ് ബ്രോഡ്കാസ്റ്റര്‍ കാതറീന്‍ വിറ്റാകര്‍ പറയുന്നു. വനിതാ താരങ്ങള്‍ക്ക് മത്സരത്തിനിടയില്‍ ലഭിക്കുന്ന കുറഞ്ഞ ടോയ്‌ലറ്റ് ബ്രേക്ക് സമയത്തേയും വിറ്റാകര്‍ ചോദ്യം ചെയ്തു.
റിയോ ഒളിമ്ബിക് സ്വര്‍ണ മെഡല്‍ ജേത്രി മോണിക്ക പ്യുഗും ഇതുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിംബിള്‍ഡണ്‍ സമയത്ത് പിരീഡ്‌സ് (ആര്‍ത്തവം) ആകരുതേ എന്ന് എല്ലാ വര്‍ഷവും പ്രാര്‍ഥിക്കാറുണ്ട് എന്നായിരുന്നു മോണിക്ക പ്യുഗിന്റെ പ്രസ്താവന.
ബ്രിട്ടന്റെ താരം ഹെതര്‍ വാട്‌സണ്‍ അതിലും സങ്കടകരമായ അവസ്ഥയാണ് ദി സണ്‍ഡേ ടൈംസിനോട് പങ്കുവെച്ചത്. ‘ഒരിക്കല്‍ എനിക്ക് ആര്‍ത്തവപ്രശ്‌നം കാരണം കളിക്കിടയില്‍ കോര്‍ട്ട് വിടേണ്ടി വന്നു. എന്റെ വെളുത്ത വസ്ത്രത്തില്‍ പതിഞ്ഞ രക്തക്കറകള്‍ ഫോട്ടോകളായി പുറത്തുവരുമോ എന്ന ഭയത്തിലൂടേയാണ് പിന്നീടുള്ള കുറച്ചു ദിവസങ്ങളില്‍ കടന്നുപോയത്.’ ലോക്കര്‍ റൂമില്‍വെച്ച് വനിതാ താരങ്ങള്‍ പലപ്പോഴും ഇതിനെ കുറിച്ചാണ് സംസാരിക്കാറുള്ളതെന്നും എക്‌സ്ട്രാ ലാര്‍ജ് ടാംപോണ്‍സും എക്‌സ്ട്രാ പാഡുകളും ഉപയോഗിച്ചാണ് ആര്‍ത്തവത്തിലെ ആദ്യ ദിനങ്ങളെ മറികടക്കാറുള്ളതെന്നും ഓസ്‌ട്രേലിയന്‍ താരം റെന്നേ സ്റ്റബ്‌സ് പറയുന്നു.