കൊച്ചി: അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ എട്ടാം പ്രതി നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ വിചാരണക്കോടതി ഇന്നു വിധി പറയും. കേസിലെ നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ശ്രമിച്ചതായി കാണിച്ചു പ്രോസിക്യൂഷൻ ഹർജി നൽജി നൽകുകയായിരുന്നു.
മറ്റു ചില സാക്ഷികളുടെ നിലപാടു മാറ്റത്തിനു പിന്നിലും പ്രതിഭാഗത്തിന്റെ ഇടപെടലുണ്ടെന്ന‌് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.
കേസിലെപ്രധാന സാക്ഷികളായ വിപിൻ ലാൽ, ജിൻസൻ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാൻ ദിലീപ് ശ്രമിച്ചെന്നും, വ്യവസ്ഥകൾ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമാണ് ആവശ്യം.എന്നാൽ കഴിഞ്ഞ വർഷം ജനുവരിയിൽ മൊഴിമാറ്റിക്കാൻ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികൾ, ഒക്ടോബറിൽ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപിന്‍റെ വാദം.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തനിക്കെതിരെ തെളിവ് കണ്ടെത്താൻ ആയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ഹർജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. 100 സാക്ഷികളെ വിസ്തരിച്ചിട്ടും ആരും ദിലീപിനെതിരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതിപ്പെട്ടിട്ടില്ല.