തൃശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. പിന്തുണ സ്വീകരിച്ചാലും അവരുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല. സമര സമിതിയുടെ സ്ഥാനര്‍ത്ഥിയാണ് താനെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുമെന്ന് വ്യക്തമാക്കി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തിയിരുന്നു. സ്വതന്ത്രയായി മത്സരിക്കാനാണ് തീരുമാനം. മക്കള്‍ക്ക് നീതി തേടിയുള്ള കേരള യാത്ര ധര്‍മ്മടത്തെത്തിയപ്പോള്‍ സ്വീകരിക്കാന്‍ കുറേ അമ്മമാര്‍ എത്തിയിരുന്നുവെന്നും അവര്‍ക്ക് താന്‍ ഒരു കത്ത് നല്‍കിയെന്നും അമ്മ പറഞ്ഞു.
ധര്‍മ്മടത്ത് വോട്ട് തേടിയെത്തുന്ന മുഖ്യമന്ത്രിയോട് തന്റെ മക്കള്‍ക്ക് നീതി തേടി തലമുണ്ഡനം ചെയ്ത ഒരമ്മ ഇവിടെ വന്നിരുന്നുവെന്ന് പറയണമെന്നാണ് ആവശ്യപ്പെട്ടത്. തനിക്ക് നീതി നല്‍കിയോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോല്‍ നിരവധി അമ്മമാര്‍ തന്നെ വിളിച്ചു. ഇക്കാര്യം എന്തുകൊണ്ട് നേരിട്ട് ചോദിച്ചുകൂട എന്ന് അവര്‍ തന്നോട് ചോദിച്ചു. സമരസമിതിയുമായി ആലോചിച്ച ശേഷം മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞിരുന്നു.