മൂന്നാർ ∙ അർധരാത്രി വീട്ടുമുറ്റത്തെത്തി ദമ്പതികളെ മൂന്ന് മണിക്കൂർ ബന്ദികളാക്കി കാട്ടുകൊമ്പൻ പടയപ്പ. ദിവസങ്ങളായി മൂന്നാർ ടൗൺ മേഖലയിൽ ചുറ്റിത്തിരിയുന്ന ഈ ആന ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മൂന്നാർ കോളനിയിലാണ് ഞായർ രാത്രി എത്തിയത്. 11 മണിയോടെ, ഇവിടെ താമസിക്കുന്ന ശിവയുടെ വീടിന്റെ ചുറ്റുമതിൽ തകർത്ത് മുറ്റത്തു കയറി വാഴ തിന്നാനാരംഭിച്ചു.
ശിവയും ഭാര്യ മുത്തും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പിൻഭാഗം ഉയരത്തിൽ കട്ടിങ് ആയതിനാൽ മുൻവശത്തു കൂടി മാത്രമാണ് ഇവർക്കു പുറത്തിറങ്ങാൻ വഴിയുള്ളത്. ആന മുറ്റത്തു നിലയുറപ്പിച്ചതോടെ ഇരുവരും ഭയന്നുവിറച്ച് വീടിനുള്ളിൽ കഴിഞ്ഞുകൂടി. വനംവകുപ്പിനെ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്ന് ഇവർ പറഞ്ഞു. പുലർച്ചെ രണ്ടിനു സമീപവാസികൾ പന്തം കൊളുത്തിയും ഒച്ചവച്ചുമാണ് ആനയെ മുറ്റത്തു നിന്നകറ്റിയത്.
രാത്രി എട്ടേമുക്കാലിനാണ് കൊമ്പൻ കോളനിയിൽ എത്തിയത്. ഈ സമയത്തൊക്കെ ഇവിടെ റോഡിലും കടകളിലും ധാരാളം ആളുകൾ ഉണ്ടായിരുന്നു. മെയിൻ റോഡിലൂടെ നടന്ന പടയപ്പയെ നാട്ടുകാർ പിന്നാലെക്കൂടി ഒച്ചവച്ചു കാടുകയറ്റി. അതിനുശേഷമാണ് 11 മണിയോടെ തിരികെയെത്തിയത്. കെഎസ്ആർടിസി ബസ് തടഞ്ഞും പഴം പച്ചക്കറി കട തകർത്തും റോഡിലിറങ്ങി ഗതാഗത തടസ്സം സൃഷ്ടിച്ചും രണ്ടാഴ്ചയോളമായി പടയപ്പ മൂന്നാർ ടൗണിലും ചുറ്റുവട്ടത്തും തന്നെ തുടരുകയാണ്.