കോയമ്പത്തൂര്‍: കേരള തമിഴ്‌നാട് അതിര്‍ത്തിയായ മധുക്കര, നവക്കരക്ക് സമീപം ട്രെയിനിടിച്ച് കാട്ടാനയ്ക്ക് ഗുരുതരപരിക്ക്. തിങ്കളാഴ്ച പുലര്‍ച്ച ഒന്നരക്ക് കടന്നുപോയ തിരുവനന്തപുരം ചെന്നൈ എക്‌സ്പ്രസ് ട്രെയിനാണ് ആനയെ ഇടിച്ചത്.
15 വയസ്സ് പ്രായം കണക്കാക്കുന്ന ആനയുടെ തലക്കും ഇടുപ്പിന്റെ ഭാഗത്തുമാണ് പരിക്ക്. സംഭവം നടന്നയുടന്‍ ട്രെയിന്‍ എന്‍ജിന്‍ ഡ്രൈവര്‍ വനം അധികൃതര്‍ക്ക് വിവരം നല്‍കിയിരുന്നു.
കോയമ്പത്തൂരില്‍ ഡോക്റ്റര്‍മാര്‍ ഉള്‍പ്പെടെ വനംവകുപ്പ് സംഘമെത്തി ആനയെ ചികിത്സിക്കാന്‍ നടപടി തുടങ്ങി. വാളയാര്‍, മധുക്കര മേഖലയില്‍ ഇതാദ്യമല്ല കാട്ടാനകള്‍ക്ക് ട്രെയ്‌നിടിച്ച് അപകടമുണ്ടാകുന്നത്. 2019ല്‍ ഒരാനയും 2018ല്‍ മൂന്ന് ആനകളും ഇവിടെ ട്രെയിനിടിച്ചു ചരിഞ്ഞിരുന്നു.
കഞ്ചിക്കോട് കോയമ്പത്തൂര്‍ പാതയില്‍ കഴിഞ്ഞ 19 വര്‍ഷത്തിനിടെ 26 കാട്ടാനകള്‍ ട്രെയിനിടിച്ചു ചെരിഞ്ഞെന്നാണ് കണക്ക്. ആനത്താരയിലൂടെ കടന്നുപോകുന്ന പാളത്തില്‍ ട്രെയ്‌നുകള്‍ക്ക് വേഗനിയന്ത്രണമുണ്ടങ്കിലും പാലിക്കപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.