മൂന്നാര്‍: മാട്ടുപ്പെട്ടിയില്‍ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്ത് ഒറ്റയാന്‍. കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണു യാത്രക്കാര്‍ രക്ഷപ്പെട്ടത്. സമീപത്ത് മേഞ്ഞുനടക്കുന്ന ആനക്കൂട്ടത്തിലുള്ള ഒറ്റയാനാണ് റോഡിലിറങ്ങി ഭീതി പരത്തിയത്.
പടയപ്പ ഇപ്പോഴും മൂന്നാറില്‍ വിലസി നടക്കുമ്പോഴാണ് ഇതേ പാതയില്‍ വേറൊരു കാട്ടാന കൂടി പ്രത്യക്ഷപ്പെടുന്നത്. ഏതാനും ദിവസങ്ങളായി മാട്ടുപ്പെട്ടി പരിസരത്തെ പുല്‍മേട്ടില്‍ കുട്ടിയാനയടക്കം നാല് ആനകള്‍ മേഞ്ഞുനടക്കുന്നുണ്ട്.
മാട്ടുപ്പെട്ടി ഇക്കോ പോയിന്‍റിന് സമീപത്തെ കാട്ടില്‍നിന്ന് റോഡിലിറങ്ങിയ ആന ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തി. വാഹനങ്ങള്‍ക്കു നേരെ ആക്രമിക്കാന്‍ ഓടിയടുത്തു. മനസ്സാന്നിധ്യം കൈമുതലാക്കി വാഹനം പിന്നോട്ടെടുത്ത് പ്രകോപിപ്പിക്കാതെ യാത്രക്കാര്‍ കൊമ്പനു വഴിമാറുകയായിരുന്നു. ഇതോടെ ശാന്തനായി ആന കാടുകയറി.
മൂന്നാറില്‍ ജനങ്ങള്‍ ഇപ്പോഴും കാട്ടാന ഭീതിയിലാണ്. നിരവധി സംഭവങ്ങളാണ് കാട്ടാന ശല്യം കാരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.