ഇടുക്കിയിൽ കാട്ടാന ആക്രമണം: സ്ത്രീ മരിച്ചു, ഭർത്താവിന് പരിക്ക്; മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇടുക്കിയിൽ കാട്ടാന ആക്രമണം: സ്ത്രീ മരിച്ചു, ഭർത്താവിന് പരിക്ക്; മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇടുക്കി: പീരുമേടിന് സമീപം കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. സീത എന്ന സ്ത്രീയാണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോഴായിരുന്നു ആക്രമണം. വനത്തിനുള്ളില്‍ മീന്‍മുട്ടി എന്ന സ്ഥലത്തുവെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.

സീതയുടെ ഭര്‍ത്താവ് ബിനുവിനും ആക്രമണത്തില്‍ പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ടു മക്കൾ പരിക്കേൽക്കാതെ രക്ഷപെട്ടു. ഒന്നിലേറെ കാട്ടാനകള്‍ ഉണ്ടായിരുന്നെന്നും അതില്‍ ഒരു കൊമ്പൻ സീതയെ തട്ടി എറിയുകയായിരുന്നെന്നും ബിനു പറഞ്ഞു. രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ആശുപത്രിയില്‍ എത്തിച്ചശേഷമാണ് സീത മരിച്ചതെന്നും ബിനു പറഞ്ഞു.

കാട്ടുപത്രി, പുളി, തേൻ തുടങ്ങിയ വനവിഭവങ്ങൾ ശേഖരിക്കാനാണ് ഇവർ നാലുപേരും കാടിനുള്ളിലേക്ക് പോയത്. രാവിലെ ഒൻപതു മണിയോടെ ഇവർ ഇവരുടെ വാസസ്ഥലമായ തോട്ടാപ്പുരയിൽനിന്ന് കാട്ടിലേയ്ക്ക് പോയിരുന്നു. ഒരു മണിക്ക് ശേഷം ബന്ധുക്കളെ ബിനുവിന്റെ മക്കൾ ഫോൺ വിളിച്ചാണ് അപകടവിവരം അറിയിച്ചത്. ബിനു വനംവകുപ്പിന്റെ താത്കാലിക ജീവനക്കാരനാണ്. ഇയാൾ സംഭവം വനപാലകരെയും അറിയിച്ചു. തുടർന്ന് ബന്ധുക്കളും വനപാലകരും കാടിനുള്ളിൽ പോയാണ് പരിക്കേറ്റ ഇരുവരെയും പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News